പത്തനംതിട്ട: പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയിൽ തട്ടിപ്പ്. ബാങ്കിന്റെ ഓഡിറ്റിൽ 8.13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.കോടികൾ തട്ടിപ്പ് നടത്തിയതിന് ശേഷം കടന്നു കളഞ്ഞ ക്ലാർക്ക് കം കാഷ്യർ വിജീഷ് വർഗീസ് മൂന്ന് മാസമായി ഒളിവിലാണ്.
ഫെബ്രുവരിയിൽ തന്റെ അറിവില്ലാതെ പത്തു ലക്ഷം രൂപയുടെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് കാണിച്ചു ഇടപാടുകാരൻ പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്.
ഒരു മാസം നീണ്ട ബാങ്ക് ഓഡിറ്റിലാണ് എട്ടു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായി. 14 മാസത്തിനിടെ 191 ഇടപാടുകളിലായിട്ടാണ് കോടികൾ തട്ടിയത്. പണം പിൻവലിക്കാൻ അനുമതി നൽകുന്ന ഉന്നത ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ കംപ്യൂട്ടറിലെ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് നടത്തിയത്.















