ലണ്ടൻ: 2020ലെ ബുക്കർ പുരസ്കാരം സ്കോട്ടിഷ് എഴുത്തുകാരൻ ഡഗ്ലസ് സ്റ്റുവാർട്ടിന്. അദ്ദേഹത്തിന്റെ ‘ഷഗ്ഗീ ബെയിൻ’ എന്ന നോവലിനാണ് പുരസ്കാരം. കോവിഡ് 19നെ തുടർന്ന് ഓൺലൈനിലൂടെയായിരുന്നു പുരസ്കാര പ്രഖ്യാപനം. 50,000 പൗണ്ട് ആണ് പുരസ്കാര തുക.
ആറുപേരാണ് പുരസ്കാരത്തിന് അവസാന ഘട്ടത്തിലെത്തിയത്. ഇതിൽ നിന്നാണ് ഡഗ്ലസ് സ്റ്റുവാർട്ട് പുരസ്കാരത്തിന് അർഹനായത്. ബുക്കർ പ്രൈസ് നേടുന്ന രണ്ടാമത്തെ സ്കോട്ട്ലൻഡുകാരനാണ് ഇദ്ദേഹം. നിലവിൽ ലണ്ടനിലാണ് താമസം.
‘ഞാൻ എല്ലായിപ്പോഴും ഒരു എഴുത്തുകാരനാകാൻ ആഗ്രഹിക്കുന്നു, ഇത് എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നു. ഇത് എന്റെ ജീവിതം മുഴുവൻ മാറ്റിമറിക്കും’ -സ്റ്റുവാർട്ട് പ്രതികരിച്ചു.
സ്റ്റുവാർട്ടിന്റെ കുട്ടിക്കാലത്തുനിന്ന് പ്രചോദനം ഉൾക്കൊണ്ട് 1980ലെ ഒരു വർക്കിങ് ക്ലാസ് കുടുംബത്തിന്റെ കഥയാണ് പുരസ്കാരത്തിനര്‍ഹമായ ഷഗ്ഗീ ബെയിൻ പറയുന്നത്.