കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേന്ദ്രസര്‍ക്കാര്‍ ക്ഷേത്രം പണിയുന്നതിനും പൗരത്വ ഭേദഗതിക്കും പൗരത്വ പട്ടികയ്ക്കുമാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ ആഗോള പട്ടിണി സൂചിക സ്‌കോര്‍ 27.2 ആണെന്ന് പറഞ്ഞ മൊയ്ത്ര രാജ്യം ഗുരുതരമായ പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടി. പാകിസ്താനേയും ബംഗ്ലാദേശിനേയും കടത്തിവെട്ടി ഇന്ത്യയില്‍ പട്ടിണി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ആഗോള പട്ടിണി സൂചിക(ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡെക്‌സ് 2020 )അനുസരിച്ച് ലോകത്ത് അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പട്ടിണിയുള്ളവര്‍ ഇന്ത്യയിലാണുള്ളത്.
കോവിഡും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും മൂലം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ 10.3 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് ഐഎംഎഫ് വ്യക്തമാക്കിയിരിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവുമെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
India’s GHI score of 27.2 (serious level of hunger)
ModiShah’s priorities of Mandir, CAA, NRC (serious level of delusion)
— Mahua Moitra (@MahuaMoitra)
October 24, 2020
















