തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദൂര, സ്വകാര്യ കോഴ്‌സുകളും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്കു കീഴിലാക്കിക്കൊണ്ടുള്ള വ്യവസ്ഥ കേരള ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ, 2020 – 21 വർഷത്തിൽ കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അംഗീകാരത്തിനായി ഉടൻ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യുറോയിൽ അപേക്ഷ സമർപ്പിക്കണം എന്ന് കേരള യൂണിവേഴ്‌സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ (കെ.യു.ടി.ഒ.). ഈ ആവശ്യം ഉന്നയിച്ച് കേരള വി.സി.ക്ക് കെ.യു.ടി.ഒ. നിവേദനം സമർപ്പിച്ചു.
സംസ്ഥാനത്ത് നിലവിലുള്ള നാല് സർവ്വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങള്‍ തുടർന്ന് പോകുന്നതിൽ നിയമപരവും സാങ്കേതികവുമായ ഒരു തടസവും ഇപ്പോഴില്ല. ഈ സാഹചര്യത്തിലാണ് കാലിക്കറ്റ് സർവകലാശാല ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യുറോയിൽ വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചത്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് നിലവിലുള്ള വിദൂര വിദ്യാഭ്യാസ സംവിധാനം ഉപയോഗിക്കുന്നത്. ഇത് കൂടി കണക്കാക്കിയാണ് കെ.യു.ടി.ഒ. ഈ ആവശ്യം മുന്നോട്ട് വച്ചത്. ഇത്തരത്തിൽ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. കേരളത്തിലെ ഗവൺമെന്റ്, എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്‌മിഷൻ ലഭിക്കാത്ത നിരവധി വിദ്യാർത്ഥികളുടെ ഭാവിയെ കരുതി എത്രയും വേഗം സർവകലാശാല നടപടികൾ സ്വീകരിക്കണം.















