മുംബയ്: ബോളിവുഡ് നടി കങ്കണ റാവത്തിനെതിരെയുളള ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ വിവാദപരാമര്‍ശത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കങ്കണയുടെ വാദങ്ങളോട് പൂര്‍ണമായും യോജിക്കുന്നില്ല. എന്നാല്‍ നടിയെ അഭിസംബോധന ചെയ്യ്ത രീതി ശരിയാണോയെന്നും കോടതി ചോദിച്ചു.
“മഹാരാഷ്ട്രക്കാരായതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. എന്നാല്‍ ഇത് പ്രതികരിക്കാനുള്ള വഴിയാണോ? നിങ്ങള്‍ ക്ഷമ കാണിക്കണമായിരുന്നു. നിങ്ങള്‍ക്ക് അത്തരം ഭാഷ ഉപയോഗിക്കാന്‍ പാടില്ല.” കോടതി പറഞ്ഞു.
നടിക്കെതിരെയുളള പരാമര്‍ശം ഒഴിവാക്കാമായിരുന്നുവെന്നും എന്നാല്‍ കങ്കണയുടെ പരാതി സത്യസന്ധമല്ലെന്നും നടി സജയെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും സഞ്ജയ് റാവത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതിനൊപ്പം താന്‍ കങ്കണയെ ഭീഷണിപ്പെടുത്തിയട്ടില്ലെന്ന് കാണിച്ച് സഞ്ജയ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
സഞ്ജയ് നടിക്കെതിരെ ഒരുതരത്തിലുളള വെല്ലുവിളിയും നടത്തിയിട്ടില്ലെന്നും പരാതിക്കാരി സത്യസന്ധയല്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
മുംബയ് നഗരം പാക് അധിനിവേശ കാശ്മീരാണെന്ന കങ്കണയുടെ പ്രസ്തവനയ്ക്ക് പിന്നാലെയാണ് നടിക്കെതിരെ വിവാദ പരാമര്‍ശവുമായി സഞ്ജയ് റാവത്ത് രംഗത്ത് വന്നത്.