Explainers

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’മതാടിസ്ഥാനത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിന്റെ ഉത്പാദകര്‍ ആരാണ്?: കള്ളം പറയുന്നതാര് ?; കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിലപാടെന്ത് ?

‘മതം മനുഷ്യനെ മയക്കുന്ന കറുപ്പ്’ കാറള്‍ മാര്‍ക്‌സിന്റെ വാക്കുകളാണ്. ഇത് മറന്നു പോകാതിരിക്കാന്‍ മറ്റൊന്നു കൂടി പറയാം. കേരളത്തില്‍ അതായത്, ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മന്ത്രിസഭ ഭരിക്കുന്ന നാട്ടില്‍, സര്‍ക്കാരിനു കീഴിലുള്ള ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ട്. മതം വിഭജിക്കുന്ന മനുഷ്യരുടെ പേരില്‍ ഹുന്ദു വര്‍ഗീയതിയെയും ന്യൂനപക്ഷ വര്‍ഗീയതിയെയും എതിര്‍ക്കുന്ന സര്‍ക്കാരിനു കീഴിലാണിത് സംഭവിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന്റെ പേരില്‍ ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചിട്ടില്ല. പാലക്കാടന്‍ രാഷ്ട്രീയത്തിലേക്ക് കള്ളപ്പണം എത്തിയെന്ന പാതിവെന്ത വാര്‍ത്തയില്‍ ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് മുങ്ങിപ്പോകാതിരുന്നാല്‍ നന്ന്. മതേതര വാദികളും, നിഷ്പക്ഷ ഇടതുപക്ഷ ചിന്താഗതിയുമുള്ള കേരളത്തില്‍ ഇത്തരമൊരു വാട്‌സാപ്പ്ഗ്രൂപ്പ് ഭരണസിരാ കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരിലൂടെ പ്രവഹിച്ചിട്ടും അറിയാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണെന്നത് ആശ്ചര്യമായിരിക്കുന്നു.

ഐ.എ.എസ്. ഐ.പി.എസ് തലപ്പത്ത് ഹിന്ദു വര്‍ഗീയത വളരുന്നുണ്ടെന്ന് പറഞ്ഞത്, ഇടതുപക്ഷത്തിലെ നേതാക്കള്‍ തന്നെയാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളും കണ്ടിട്ടുണ്ട്. എന്നിട്ടും ജാഗ്രത പാലിക്കാന്‍ കഴിയാതെ പോകുന്നത് എന്തു കൊണ്ടാണ് എന്നതാണ് സംശയം. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന മതാടിസ്ഥാന വാട്‌സാപ്പ് ഗ്രൂപ്പിന്റെ പിന്നാലെയുള്ള പോലീസിന്റെ അന്വേഷണം തുടരുകയാണ്. മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ നടപടികളില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

താനല്ല, മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയതെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നുണ്ട്. തന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍, പോലീസിന്റെ നിഗമനം അതല്ല, ഫോണ്‍ ഹാക്ക് ചെയ്താല്‍ അതിലെ ഡേറ്റ മാത്രമേ എടുക്കാന്‍ കഴിയൂ. അല്ലാതെ ഹാക്കര്‍മാര്‍ക്ക് വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് അതില്‍നിന്നു സന്ദേശമയയ്ക്കാന്‍ കഴിയില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇസ്രയേല്‍ നിര്‍മ്മിച്ച കോടികള്‍ വിലമതിക്കുന്ന ചാര സോഫ്റ്റ് വെയറിന് പോലും ഇതിന് കഴിയില്ല.

ഈ സംഭവത്തില്‍ ഫോണ്‍ ഹാക്ക് ചെയ്തോ ഇല്ലയോ എന്നു മാത്രമേ പൊലീസിനു തെളിയിക്കാന്‍ കഴിയൂ. 2 ഫോണുകളും ഫോര്‍മാറ്റ് ചെയ്ത് എല്ലാ വിവരങ്ങളും നീക്കിയശേഷം നല്‍കിയതിനാല്‍ വാട്സാപ് ഗ്രൂപ്പുകള്‍ ആര് ഉണ്ടാക്കി, ആരാണു സന്ദേശം അയച്ചത് എന്നൊന്നും ഇനി കണ്ടെത്താന്‍ കഴിയില്ല എന്നാണ് പൊലീസ് നിലപാട്. ഫോണിലുണ്ടായിരുന്ന എല്ലാ വിവരങ്ങളും നീക്കം ചെയ്തശേഷം ചൊവ്വാഴ്ച രാത്രിയാണ് ഫോണ്‍ പൊലീസിനു കൈമാറിയത്. എന്നാല്‍ അതു പരിശോധിക്കാനുള്ള പാസ് വേഡ് നല്‍കിയതുമില്ല.

വീണ്ടും ഗോപാലകൃഷ്ണനെ പൊലീസ് വിളിപ്പിച്ചപ്പോഴാണു അതു നല്‍കിയത്. അതോടൊപ്പം കയ്യിലുണ്ടായിരുന്ന ഐ. ഫോണും ഹാജരാക്കാന്‍ നിര്‍ദേശിച്ചു. അതിലെയും വാട്സാപ് വിവരങ്ങള്‍ അടക്കം നീക്കം ചെയ്ത ശേഷമാണ് നല്‍കിയത്. വിവരങ്ങള്‍ ഫോര്‍മാറ്റ് ചെയ്താല്‍ അന്വേഷണം അസാധ്യമാകുമെന്ന് ആര്‍ക്കാണ് അറിയാത്തത്. താന്‍ നിരപരാധിയാണെന്ന് തെളിയിക്കണമെങ്കില്‍പ്പോലും ഫോണില്‍ വിവരങ്ങള്‍ ഉണ്ടാകണം. എന്നിട്ടും തെളിവ് നശീകരണം പൂര്‍ത്തിയാക്കുകയാണ് ചെയ്തത്.

രണ്ടു ഫോണും വിശദ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് പൊലീസ് അയച്ചു. അവിടെ നിന്നുള്ള റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. അതിനിടെ ഫോണ്‍ ഹാക്ക് ചെയ്തതായി തെളിവില്ലെന്നു മെറ്റ കമ്പനി അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഫോണില്‍ അസ്വാഭാവിക നടപടി നടന്നതായി കണ്ടെത്താനായില്ല. ഫോണിന്റെ ഉടമ എന്തെങ്കിലും വാട്സാപ്പില്‍ ചെയ്തെന്നു കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നു കമ്പനി അറിയിച്ചതായി പൊലീസ് വിശദീകരിക്കുന്നു. ഗ്രൂപ്പുകളുണ്ടാക്കിയില്ലെന്നും ഫോണ്‍ അജ്ഞാതര്‍ ഹാക്ക് ചെയ്തതാണെന്നുമുള്ള ഗോപാലകൃഷ്ണന്റെ മൊഴി പൊലീസ് ഇപ്പോഴും മുഖവിലയ്ക്കെടുത്തിട്ടില്ല. കാരണം, ഗോപാലകൃഷ്ണന്റെ വാദം ശരിവയ്ക്കുന്ന തെളിവും ലഭിച്ചിട്ടില്ല. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് 4 ദിവസം ഗോപാലകൃഷ്ണന്‍ പരാതി നല്‍കാത്തതും പൊലീസിന് സംശയമുണ്ട്.

കഴിഞ്ഞ ദീപാവലി ദിവസം ചില ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണു താന്‍ അഡ്മിന്‍ ആയി വാട്സാപ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞതെന്നാണു ഗോപാലകൃഷ്ണന്റെ മൊഴി. ഹിന്ദു, മുസ്ലിം എന്നീ പേരുകളിലടക്കം ഗ്രൂപ്പുകളുണ്ടായിരുന്നു. അതില്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥരെ ചേര്‍ത്തിരുന്നു. എത്ര ഗ്രൂപ്പുകളുണ്ടായിരുന്നുവെന്ന് കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന് നല്‍കിയ മൊഴിയിലും നേരത്തെ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സുഹൃത്തുക്കള്‍ പറയുമ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം അറിയുന്നതെന്നും ഗോപാലകൃഷ്ണന്റെ മൊഴിയിലുണ്ടായിരുന്നു. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഡ്മിനായുള്ള 11 ഗ്രൂപ്പുകളാണ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഗോപാലകൃഷ്ണന്‍ തന്നെ ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്തു.

തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പിന്നാലെ അദ്ദേഹം തന്നെ പോലീസില്‍ പരാതിയും നല്‍കി. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന ഗ്രൂപ്പില്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള അംഗങ്ങളെയാണ് ചേര്‍ത്തിരുന്നത്. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതില്‍ ഗോപാലകൃഷ്ണനെ അതൃപ്തി അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കപ്പെട്ടവര്‍ക്ക് ഗോപാലകൃഷ്ണന്റ സന്ദേശമെത്തിയത്.

തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നും ഫോണ്‍ കോണ്‍ടാക്ടിലുള്ളവരെ ചേര്‍ത്ത് 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നുമായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടന്‍ ഫോണ്‍ മാറ്റുമെന്നുമാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് നല്‍കിയത്. എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള കാരണം. ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ടോ. അതോ, ഉദ്യോഗസ്ഥര്‍ ഹാക്കര്‍മാരെ ചാരി രക്ഷപ്പെടുന്നതാണോ. മത ഏകീകരണം സാധ്യമാക്കുന്നതിനുള്ള

വഴികള്‍ തേടുന്ന ഉദ്യോഗസ്ഥര്‍ പെരുകുമ്പോള്‍ സംസ്ഥാനത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിച്ചിരിക്കുന്നത് ശരിയായ പ്രവണതയല്ല. തൃശൂര്‍പൂരം് കലക്കിയത് എ.ഡി.ജി.പി ആണെന്ന വാദം ശക്തമായി നില്‍ക്കുമ്പോഴാണ് മല്ലു ഹിന്ദ ഓഫീസേഴ്‌സിന്റെ വാട്‌സാപ്പ് ഗ്രൂപ്പ് പ്രത്യക്ഷപ്പെടുന്നത് എന്നതാണ് ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. ഗോപാലകൃഷ്ണന്‍ ഒരു മല്ലു ഹിന്ദു ഓഫീസറാണോ എന്നതാണ് കണ്ടെത്തേണ്ടത്. പക്ഷെ, ആ അന്വേഷണം എത്രകണ്ട് വിജയിക്കുമെന്നതില്‍ ഇപ്പോഴും അനിശ്ചിതത്വമുണ്ട്.

CONTENT HIGHLIGHTS;Who are the producers of ‘Mallu Hindu Officers’ religious WhatsApp group?: Who is lying?; What is the position of the communist government?

Latest News