രാഷ്ട്രീയത്തില്‍ എന്തിനും ഏതിനും ഒരു സമയമുണ്ട്. അസമയത്തു ചെയ്യുന്ന പ്രവൃത്തിയും വാ പോയ കോടാലി കണക്കെ പറയുന്ന വാക്കുകളുമെല്ലാം കഷ്ടകാലമാണെങ്കില്‍ പാമ്പായും പാരയായും വരും. അതുകൊണ്ടുതന്നെ നേതാക്കള്‍ സംസാരിക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കാറുണ്ട്. എന്നാല്‍, എങ്ങനെയൊക്കെ സൂക്ഷിച്ചാലും, എത്രയൊക്കെ ബുദ്ധിപരമായി നീങ്ങിയാലും അബദ്ധങ്ങളില്‍ പെട്ടുപോകുന്നവരും കുറവല്ല. ബുദ്ധി കൂര്‍മ്മത കൊണ്ട് പിടിച്ചു നില്‍ക്കുന്നവരാണെങ്കില്‍ സംഘബലം കൊണ്ട് ഇല്ലാതാക്കുന്നതും പതിവാണ്. കേരള രാഷ്ട്രീയത്തിലെ രണ്ട് പ്രബല പാര്‍ട്ടികളിലെ രണ്ട് അതികായന്‍മാരുടെ കഥയും ഏകദേശം ഇതു തന്നെയാണ് ഭാവി രാഷ്ട്രീയ തലമുറയോടു പറയാനിരിക്കുന്നതും.
ആദ്യത്തെയാള്‍ സി.പി.എമ്മിന്റെ നെടുംതൂണായിരുന്ന ഇ.പി. ജയരാജനാണ്. രണ്ടാമത്തെയാള്‍ കോണ്‍ഗ്രസിലെ നായകനായിരുന്ന രമേശ് ചെന്നിത്തലയും. പാര്‍ട്ടി സെക്രട്ടറി പദം കിട്ടിയതുമില്ല, എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും പോയി. അച്ചടക്ക വാളിന്റെ മൂര്‍ച്ചയേറിയ വെട്ടിനും പാത്രമായ ഇ.പി ഇപ്പോള്‍ വീട്ടില്‍ കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് ഒളിവു ജീവിതത്തിലാണ്. ചെന്നിത്തലയുടെ കാര്യം അതിലും കഷ്ടമാണ്. മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും വെട്ടും തട്ടും കിട്ടുന്നതിനനുസരിച്ച് ആ കസേരയുടെ അകലം കൂടിക്കൂടി വരികയാണ് ചെയ്യുന്നത്. കോണ്‍ഗ്രസിനൊപ്പം ഉണ്ടെന്നേയുള്ളൂ. പക്ഷെ, നിശബ്ദതയും ഏകാന്തതയും മാത്രം കൂട്ടാക്കി മുന്നോട്ടു പേകേണ്ട ഗതികേട്.
ഈ രണ്ടു പേരും കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെ പ്രതിനിധീകരിക്കുന്നത് രണ്ടു പുസ്തകങ്ങളുടെ ഭാഗമായിക്കൊണ്ടാണ്. ഒന്ന് ഒരാളുടെ ആത്മകഥയും, മറ്റൊന്ന് ഒരാളുടെ അഴിമതിക്കെതിരായ പോരാട്ടങ്ങളുടെ കണക്കെടുപ്പുമായിട്ടാണ്. ‘കട്ടന്‍ ചായയും പരിപ്പു വടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിലാണ് ഇ.പി. ജയരാജന്‍ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ തയ്യാറോെടുക്കുന്നത്. ഡി.സി ബുക്ക്‌സ്ആണ് പുസ്തക പ്രസാധകര്‍. പുസ്തകം എഴുതുന്നതും, അത് പ്രസിദ്ധീാകരിക്കുന്നതുമൊന്നും തെറ്റല്ല. പക്ഷെ, പാര്‍ട്ടീ നടപടിക്കു വിധേയനായി നില്‍ക്കുന്ന ഒരു ഉന്നതനായ നേതാവ് കുറച്ചു ദിവസം കൊണ്ടെഴുതി തീര്‍ക്കുന്ന ആത്മകഥയുടെ സാരാംശം സംശയങ്ങള്‍ക്കു വഴിയൊരുക്കും.
പ്രത്യേകിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത്. ഇന്ന് വയനാടും, ചേലക്കരയിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഈ ദിവസം പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും വലിയ തിരിച്ചടി പാര്‍ട്ടിക്ക് നല്‍കുമെന്നതില്‍ തര്‍ക്കമില്ല. കാരണം, ഇ.പി. ജയരാജന്റെ പുസ്തകത്തിന്റെ പേരു തന്നെ അത്തരം ഒരു സര്‍ക്കാസം ദ്യോതിപ്പിക്കുന്നതാണ്. ‘കമ്യൂണിസ്റ്റുകാര്‍ എല്ലാക്കാലത്തും കട്ടന്‍ചായയും പരിപ്പുവടയും മാത്രം തിന്നു ജീവിക്കണമെന്നാണോ പറയുന്നത്’. ഇത് ഇപി. ജയരാജന്റെ തന്നെ പ്രസിദ്ധമായ ഡയലോഗാണ്. ഒരു പൊതു വേദിയില്‍ നിന്നാണ് ഇതു പറഞ്ഞതും. പിന്നീട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും ഇതേ മറുപടി ആവര്‍ത്തിക്കുകയും ചെയ്തു. അതായത്, കമ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍ കോടീശ്വരന്‍മാരാകുന്നതും, അവരുടെ മക്കള്‍ വിദേശത്ത് പഠിക്കുന്നതും, നേതാക്കളുടെ കുടുംബങ്ങള്‍ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ജോലി ചെയ്യുന്നതുമൊന്നും തെറ്റല്ല എന്നായിരുന്നു അതിന്റെ ധ്വനി.
അങ്ങനെ പറഞ്ഞിരുന്ന ഇ.പി. ജയരാജനാണ് പാര്‍ട്ടിയില്‍ നിന്നേറ്റ കടുത്ത പ്രഹരത്തില്‍ എ.കെ.ജി സെന്ററില്‍ നിന്നും തന്റെ കണ്ണൂരുള്ള സ്വന്തം വീട്ടിനുള്ളില്‍ വീണപ്പോള്‍ പഴയ കട്ടന്‍ ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതത്തോട് ചേര്‍ത്തു വെച്ച് ജീവിത കഥ പറഞ്ഞിരിക്കുന്നത്. അപ്പോള്‍ ആ പുസ്തകത്തില്‍ എന്തൊക്കെയാകും ഉണ്ടാവുകയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പാര്‍ട്ടിയില്‍ നിന്നേറ്റ കടുത്ത വിവേചനം മുതല്‍, തിരിച്ചടികളും തനിക്കെതിരേ വാളോങ്ങിയവരുടെ സംക്ഷിപ്തങ്ങളും ുണ്ടാകുമെന്നുറപ്പാണ്. വിപ്ലവങ്ങളും എതിരാളികളുമില്ലാതെ ആന്തരിക നവീകരണവും, ഉള്‍പാര്‍ട്ടീ പോരാട്ടവുമൊന്നുമില്ലാതെ ഒരു കമ്യൂണിസ്റ്റുകാരന് വളരാന്‍ കഴിയില്ലെന്നുറപ്പാണ്. കഴുത്തില്‍ ഇപ്പോഴും ബുള്ളറ്റിപ്പുണ്ടെന്ന സ്വ ബോധ്യത്തില്‍ നിന്നുമാണ് ഈ പുസ്തകം രൂപപ്പെട്ടതെന്ന് വ്യക്തം.
എന്നാല്‍, പോളിങ് ദിനത്തില്‍ സിപിഎമ്മിനെ ഒരിക്കല്‍ കൂടി പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഇപി ജയരാജന്‍ എന്നു പറയാതെവയ്യ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായുളള കൂടിക്കാഴ്ചയുടെ പേരില്‍ വിവാദമുണ്ടായതും പാര്‍ട്ടി നടപടി എടുത്തതും. ഇതിനു മറുപടിയെന്നോണമാണ് ഇപിയുടെ പുസ്തകം. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതില്‍ തുടങ്ങി പാര്‍ട്ടിയുമായും പിണറായി വിജയനുമായുമുള്ള അകല്‍ച്ചവരെയുള്ളതിനെല്ലാം ഇപിയുടെ ആത്മകഥയില്‍ മറുപടിയുണ്ട്. കടുത്ത സിപിഎം പിണറായി വിമര്‍ശനങ്ങള്‍ ഉള്ളതെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയത് ഏറെ പ്രയാസപ്പെടുത്തി.
പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല. ഇതാണ് സ്ഥാനത്ത് നിന്നും അപമാനിച്ച് ഇറക്കിയതില്‍ നിന്നും വ്യക്തമാകുന്നത്. ദേശാഭിമാനി ബോണ്ട് വിവാദത്തിലും വേട്ടയാടലാണ് ഉണ്ടായത്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും പണം വാങ്ങിയത് പാര്‍ട്ടി തീരുമാനമായിരുന്നു. എന്നാല്‍ അത് വിഎസ് അച്യുതാനന്ദന്‍ ആയുധമാക്കി. വിഭാഗീയതയുടെ ഇരയാണ് താനെന്നും ഇപി പറയുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വിമര്‍ശനവും പുസ്തകത്തിലുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം പരാജയത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ അതിന് തന്നെ മാത്രം ബലിയാടാക്കി. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇപി ആത്മകഥയില്‍ ആരോപിക്കുന്നതായാണ് വിവരം.
എന്നാല്‍ ആത്മകഥയിലെ ഭാഗങ്ങളായി പുറത്തു വരുന്ന എല്ലാ വിവരങ്ങളും നിഷേധിക്കുകയാണ് ഇപി. താന്‍ ആത്മകഥ എഴുതുകയാണ്. ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എഴുതിയ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുന്ന ഘട്ടത്തിലാണുള്ളത്. പുറത്തുവന്ന കാര്യങ്ങളൊന്നും താന്‍ എഴുതിയിട്ടില്ല. ഇന്ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നാണ് വാര്‍ത്ത കാണുന്നത്. തെറ്റായ നടപടിയാണ്. ഇന്ന് തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാന്‍ മനപൂര്‍വം ചെയ്തതാണ്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കിയിട്ടുണ്ട്. അല്ലെങ്കിലും പാര്‍ട്ടിക്കാരെല്ലാം ആദ്യം നിഷേധിക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുന്ന പതിവ് കാഴ്ച ഇവിടെയും സംഭവിക്കുന്നു അന്നേ മനസ്സിലാക്കാന്‍ കഴിയൂ. ആത്മകഥയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഉണ്ടാകുന്ന വിവാദങ്ങള്‍ക്ക് താന്‍ കാരണക്കാരന്‍ അല്ലെന്നും, അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും കൂടി പറഞ്ഞാല്‍ എല്ലാം ശുഭം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പുറത്തു കൊണ്ടു വന്ന വന്‍ അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളും പുസ്തക രൂപത്തില്‍ പുറത്തു വരികയാണ്. കേരളത്തില്‍ ഇത്തരമൊരു കീഴ് വഴക്കം ഇതാദ്യമാണെങ്കിലും ചെയ്യാതെ വയ്യെന്ന അവസ്ഥയിലാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ കഴിഞ്ഞാല്‍ മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാകില്ലെന്നുറപ്പാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. അപ്പോള്‍ ഭരണമാറ്റം ഉണ്ടാകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള തര്‍ക്കവും തമ്മിലടിയും ഉണ്ടാകുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവര്‍ പോലും അധികാര കസേരയുടെ പേരില്‍ തമ്മിലടിക്കാനുണ്ടാകും.
അന്നേരം പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചെയ്തുപോയ പ്രവൃത്തികളുടെ കണക്കെടുപ്പുണ്ടാകും. അപ്പോള്‍ മുന്നിലേക്ക് നിരത്താന്‍ പാകത്തിനുള്ള മുന്‍കാല പോരാട്ടങ്ങളാണ് രമേശ് ചെന്നിത്തലയുടെ മാഡിയ അഡൈ്വസര്‍ ആയിരുന്ന ബി.വി പവനന്‍ എഴുതിയ പ്രസിദ്ധീകരിക്കുന്ന പുസ്തകം. വന്‍ കോളിളക്കമുണ്ടാക്കിയ സ്പ്രിംഗ്ളര്‍ ഇടപാട്, ബ്രൂവറി ഡിസ്റ്റിലറി അനുമതി, ആഴക്കടല്‍ മത്സ്യബന്ധന തട്ടിപ്പ്, പമ്പാ മണല്‍ കടത്ത്, മസാല ബോണ്ട്, ഇ മൊബിലിറ്റി തുടങ്ങി ഇ.പി.ജയരാജന്റെ മന്ത്രിസ്ഥാനം തെറിച്ച ബന്ധുനിയമനം വരെയുള്ള അഴിമതികള്‍ ചികഞ്ഞ് കണ്ടുപിടിച്ചത് എങ്ങനെയെന്നും, അവ ഓരോന്നും പുറത്തു കൊണ്ടുവന്നപ്പോഴുണ്ടായ കോലാഹലങ്ങളും വിവരിക്കുന്ന പുസ്തകമാണിത്.
പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് രമേശ് ചെന്നിത്തലയുടെ ഖ്യാതി ഏറെ വര്‍ദ്ധിപ്പിച്ചതാണ് അഴിമതികള്‍ ഒന്നൊന്നായി കണ്ടെത്തി അവയ്ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം. ഒന്നൊഴിയാതെ എല്ലാ ആരോപണങ്ങളും ശരിയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു എന്നതായിരുന്നു പ്രത്യേകത. അഴിമതിയുടെ കുറച്ചു ഭാഗം മാത്രം ആദ്യം വെളിപ്പെടുത്തുകയും സര്‍ക്കാര്‍ നിഷേധിക്കുന്നത് അനുസരിച്ച് കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് സര്‍ക്കാരിനെ കുരുക്കിലാക്കുകയും ചെയ്യുന്ന ഉദ്വേഗഭരിതമായ ശൈലിയിലായിരുന്നു അന്ന് പ്രതിപക്ഷത്തിന്റെ ആക്രമണം. ഇത് കാരണം സര്‍ക്കാരിന് പിടിച്ചു നില്‍ക്കാനാവാതെ അടിയറവ് പറയുകയോ പദ്ധതികള്‍ ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വരികയോ ചെയ്തിട്ടുണ്ട്.
സ്പ്രിംഗ്ളര്‍ പോലെ പല അഴിമതികളും അവിശ്വസനീയം ആയിരുന്നു. ഓരോന്നും പുറത്തു കൊണ്ടുവന്നതിന്റെ പിന്നില്‍ രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റ ടീമും നടത്തിയ പഠനത്തിന്റെയും വിവര ശേഖരണത്തിന്റെയും കഥ കൂടിയാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. അതോടൊപ്പം സര്‍ക്കാരിന്റെ പ്രത്യാക്രമണത്തെ നേരിട്ടത് എങ്ങനെയെന്നും വിശദീകരിക്കുന്നു. മാതൃഭൂമി ബുക്സാണ് പ്രസാധകര്‍. നവംബര്‍ 14ന് ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യും. ഈ പുസ്തകത്തിലൂടെ ചെന്നിത്തല മുന്നോട്ടു വെയ്ക്കുന്ന ഒരു ആന്തരിക രാഷ്ട്രീയം കൂടിയുണ്ട്. കേരളത്തിലെ ഭരണ നേതൃത്വത്തിന് കോണ്‍ഗ്രസില്‍ താനല്ലാതെ മറ്റാരുണ്ട് എന്നതുകൂടിയാണ്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടു കൂടി മുഖ്യമന്ത്രി കുപ്പായം തയ്ച്ചു വെച്ചിരിക്കുന്നവരുടെ പട്ടികയില്‍ ചെന്നിത്തലയുടം പേര് പ്രാധാന്യമുള്ളതാണ്. കെ.സി. വേണുഗോപാല്‍ തൊട്ട്, കെ. മുരളീധരന്‍ വരെ അതിനു പിന്നിലുണ്ട്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തുന്ന പോരാട്ടങ്ങളും മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചാണെന്ന് നേതാക്കള്‍ക്കെല്ലാം നല്ലതുപോലെ അറിയാം. ഈ രണ്ടു പുസ്തകങ്ങളും പുറത്തിറങ്ങുന്നതോടെ പാര്‍ട്ടികളുടെ അകത്തളങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന വിവാദങ്ങളും വെല്ലുവിളികളുമാണ് ഇനി വാരാനിരിക്കുന്നത്.
CONTENT HIGHLIGHTS; Two books on fire: Like a Wounded Warrior EP. Jayarajan; Chennithala with an account of the struggles; What are the details of the by-election period?