പാലക്കാട് ഉപതെരഞ്ഞെടുപ്പോടെ ബി.ജെ.പി കേരള ഘടകത്തിലെ തമ്മില്‍ത്തല്ല് രൂക്ഷമാവുകയും പരസ്യപ്പെടുത്തുകയും ചെയ്യുകയാണ് നേതാക്കള്‍. വെടക്കാക്കി തനിക്കാക്കാനുള്ള തന്ത്രമാണ് ശോഭാ സുരേന്ദ്രന്‍ പാലക്കാട് നടത്തിയതെന്ന് കെ. സുരേന്ദ്രന്‍ തുറന്നു പറയുകയാണ്. എന്നാല്‍, പാലക്കാട്ടെ വിജയം വെടക്കാക്കിയത് കെ. സുരേന്ദ്രനാണെന്ന് ശോഭാ സുരേന്ദ്രനും തിരിച്ചടിച്ചതോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിക്കുള്ള സാധ്യത തള്ളിക്കളയാതെ ദേശീയ നേതൃത്വം. പാര്‍ട്ടി അധ്യക്ഷ സ്ഥാനം വേണമെങ്കില്‍ ഒഴിയാന്‍ സന്നദ്ധനാണെന്ന് കെ. സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിനോട് പറഞ്ഞുകഴിഞ്ഞു.
പാലക്കാട് നഗരസഭ ബി.ജെ.പി ഭരിക്കുമ്പോഴാണ് സി. കൃഷ്ണകുമാറിന്റെ തോല്‍വി. അപ്പോള്‍ കേരളത്തിലെ മറ്റു നിയമസഭാ മണ്ഡലങ്ങലുടെ അവസ്ഥ എന്താകുമെന്നത് ചിന്തിക്കാവുന്നതേയുള്ളൂ. ഇനിയൊരു പത്തു വര്‍ഷം കഴിഞ്ഞാല്‍പ്പോലും നിയമസഭയിലേക്ക് ഒരു അംഗത്തെ എത്തിക്കാന്‍ ബി.ജെ.പിക്ക് കഴിയുമെന്നതില്‍ സംശയമുണ്ട്. അഥവാ അങ്ങനെയൊരു അട്ടിമറി വിജയം ഉണ്ടാക്കിയെടുക്കണമെങ്കില്‍ കുറഞ്ഞപക്ഷം പാലക്കാടെങ്കിലും ബി.ജെ.പിയുടെ രാഷ്ട്രീയത്തെ ഇഷ്ടപ്പെടുകയോ, മനസ്സിലാക്കുകയോ ചെയ്യണം. ബി.ജെ.പി നേതൃത്വത്തില്‍ ശോഭാ സുരേന്ദ്രന്‍ തീപ്പൊരിയാണ്.
പക്ഷെ, ഉള്‍പാര്‍ട്ടീ ജനാധിപത്യം അവരെ കോര്‍ണര്‍ ചെയ്യുന്നുണ്ടെന്ന് ശോഭതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത രൂക്ഷമായിക്കൊണ്ടിക്കുന്ന ഘട്ടങ്ങളില്‍ സംസ്ഥാന പ്രസിഡന്റിനെതിരേ ദേശീയ നേതൃത്വത്തോട് പരാതിയുടെ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ദേശീയ നേതാക്കള്‍ ഇടപെട്ടാണ് സമവായം ഉണ്ടാക്കിയത്. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ മേജര്‍ രവിയും ബി.ജെ.പി സംസ്ഥാന നേതാക്കളെ കുറിച്ച് പരസ്യമായി വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു. പുതിയ ആളുകള്‍ പാര്‍ട്ടിയിലേക്ക് വന്നു കൊണ്ടിരിക്കുമ്പോള്‍ പാര്‍ട്ടിയിലെ നേതൃത്വം തമ്മില്‍ത്തല്ലുകയാണ്.
ഇതുകണ്ടുകൊണ്ട് ആരാണ് പുതിയതായി പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നത്. പാലക്കാട്ടെ പരാജയം സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നുവെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രയാസമാകുമെന്നാണ് അണികളുടെ വിലയിരുത്തല്‍. പാലക്കാട്ടെ ജയസാധ്യത അട്ടിമറിച്ചത് ശോഭയാണ് എന്നാണ് കെ സുരേന്ദ്രന്റെ പരാതിയില്‍ പറയുന്നത്. കണ്ണാടി പഞ്ചായത്തില്‍ അടക്കം ശോഭയുടെ ഡ്രൈവറുടെ നേതൃത്വത്തില്‍ വോട്ടുകള്‍ അട്ടിമറിച്ചു. ഇതാണ് പരാജയത്തിന് കാരണമായത്. സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതിന്റെ പേരില്‍ ചിലര്‍ നടത്തിയ പ്രതികാര നടപടികളാണ് പാലക്കാട് ബി.ജെ.പിക്ക് തിരച്ചടിയായത്.
ഇതില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം. എന്നാല്‍, കെ. സുരേന്ദ്രനെ മാറ്റി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് എത്താന്‍ ശ്രമിക്കുന്ന ശോഭ സുരേന്ദ്രനെ പാര്‍ട്ടി വിരുദ്ധയാക്കാനാണ് കെ. സുരേന്ദ്രന്റെ ശ്രമം. ഇന്ന് ഉച്ചക്ക് 12 മണിക്ക് കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് സാധ്യത. നാളെ സംസ്ഥാന നേതൃയോഗം ചേരുന്നുണ്ട്. കെ. സുരേന്ദ്രനെതിരെ ആഞ്ഞടിക്കാന്‍ തയാറെടുക്കുന്ന നേതാക്കളെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
എന്നാല്‍, പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൊട്ട് പാളിയ കണക്കു കൂട്ടലുകളിലാണ് വിമത പക്ഷം ആയുധം തയ്യാറാക്കുന്നത്. ജയസാധ്യതയെന്നത് പാലക്കാടല്ലെങ്കില്‍ മറ്റെവിടെയാണ് ഉണ്ടാവുക എന്ന ചോദ്യവും ഉയരുന്നുണ്ട്. സന്ദീപ് വാര്യരുടെ പാര്‍ട്ടി മാറ്റവും, അതിനുണ്ടായ കാരണങ്ങളും പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയാകും. ബി.ജെ.പിയുടെ നാവായിരുന്ന സന്ദീപ് വാര്യരെ പിണക്കിയത് അസ്ഥാനത്തായിരുന്നുവെന്ന വിലയിരുത്തലുമുണ്ട്. പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്നിരുന്ന നേതാവാണ് സന്ദീപ് വാര്യര്‍. പക്ഷെ, പെട്ടെന്നൊരു സുപ്രഭാതത്തില്‍ പാര്‍ട്ടി വിട്ടത് തിരിച്ചടിയായി.
പ്രത്യേകിച്ച് പാലക്കാട് തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭൂരിപക്ഷം അതാണ് കാണിക്കുന്നത്. പാലക്കാട് മത്സരം നടന്നത്, ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. എന്നിട്ടും, നേട്ടം ഉണ്ടാക്കാന്‍ കഴിയാതെ പോയത് തമ്മിലടി കൊണ്ടു മാത്രമാണെന്ന് ദേശീയ നേതൃത്വം തിരിച്ചറിയുന്നുണ്ട്. ബി.ജെ.പിയുടെ എ. ക്ലാസ് മണ്ഡലമാണ് പാലക്കാട്. നേതാക്കളുടെ ശക്തമായ ഇടപെടലുണ്ടായിരുന്നുവെങ്കില്‍ ജയിക്കാനാകുമായിരുന്ന മണ്ഡലം. എന്നിട്ടും സാധിച്ചില്ല.
ശോഭീ സുരേന്ദ്രന്‍ പക്ഷം ഇപ്പോള്‍ ശഖ്തിയാര്‍ജ്ജിച്ചിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. പാലക്കാട് തോല്‍വിയാണ് ശോഭയെ ശക്തയാക്കിയിരിക്കുന്നത്. കുറച്ചു നാളുകളായി ശോഭയെ പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാനുള്ള ചരടു വലികള്‍ കെ. സുരേന്ദ്രന്‍ നടത്തിയിരുന്നെങ്കിലും അതിനിപ്പോള്‍ ശക്തി കുറഞ്ഞിട്ടുണ്ട്. ഇനി ദേശീയ നേതൃത്വം ഇടപെടുകയോ, അല്ലെങ്കില്‍ സംസ്ഥാന നേതൃമാറ്റം സംഭവിക്കുകയോ ചെയ്യാതെ പാര്‍ട്ടിക്ക് ഉയര്‍ച്ചയുണ്ടാവില്ല എന്നാണ് അണികള്‍ പറയുന്നത്.
content highlights; Shobha Surendran, left alone and alone: K. Surendran; Even though the green is not touching, the Kerala BJP has no shortage of teeth