നിയമസഭാ സമ്മേളനം തുടങ്ങുമ്പോഴാണ് കേരളത്തില്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യാനുള്ള വിഷയങ്ങള്‍ ഉണ്ടെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകുന്നത്. അതുവരെയുള്ള സംഭവങ്ങളെല്ലാം ഒറ്റപ്പെട്ടതു മാത്രമായി പോകുന്നതാണ് അതിനു കാരണവും. പ്രതിപക്ഷത്തിന് കവലപ്രസംഗത്തിനപ്പുറം കാര്യഗൗരവമായി വിഷയം പറയാന്‍ കിട്ടുന്ന സഭയാണ് നിയമസഭ. അതുകൊണ്ടു തന്നെ കൂത്താട്ടുകുളത്തെ വസ്ത്രാക്ഷേപം വലിയ വിഷയമായി ടി.എം. ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് അവതരിപ്പിച്ചു. അടിയന്തിര സ്വഭാവമുള്ള റൂള്‍ 50 അനുസരിച്ചാണ് വിഷയം അവതരിപ്പിച്ചതെങ്കിലും മുഖ്യമന്ത്രി അതിനെ ഒടിച്ചു മടക്കി ഒന്നുമല്ലാതാക്കി.
പട്ടാപ്പകല്‍ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയ ഇടതുപക്ഷത്തിന്റെ നിലപാട്, സ്ത്രീയെ വസ്ത്രാക്ഷേപം നടത്തിയതിന്റെ കേസ് അങ്ങനെ നടന്നതെല്ലാം ദൃക്‌സാക്ഷി വിവരണം പോലെ അനൂപ്‌ജേക്കബ് പറഞ്ഞു. നടി ഹണിറോസ്- ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥ സംസാര കേസിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ക്വാട്ട് ചെയ്യുകയും ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയുടെ മറുപടി കേള്‍ക്കേണ്ട താമസം സ്പീക്കര്‍ അടിയന്ത്രി പ്രമേയം തള്ളിക്കളഞ്ഞു. പിന്നെയുള്ളത്, പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗമാണ്. അതു കൂടി കഴിഞ്ഞാല്‍ ഇത്രയും വലിയ സംഭവം വെറും ഒറ്റപ്പെട്ട സംഭവമായി മാറും. അതിനു മുമ്പ് അണയാന്‍പോകുന്ന തീ ആലിക്കത്തിക്കാന്‍ വി.ഡി. സതീശന്‍ എണീറ്റു.
സ്ത്രീയെ തട്ടിക്കൊണ്ടു പോയെന്നു പ്രതിപക്ഷം പറഞ്ഞ സംഭവത്തെ മുഖ്യമന്ത്രി വിവരിച്ചത്, കലാരാജുവിനെ കൂത്താട്ടുകുളം ചെയര്‍പേഴ്‌സന്റെ കാറില്‍ കയറ്റിക്കൊണ്ടുപോയി എന്നാണ്. തട്ടിക്കൊണ്ടുപോകല്‍, കയറ്റിക്കൊണ്ടു പോകലായതോടെ സംഭവത്തിന്റെ ഗൗരവം നഷ്ടപ്പെട്ടു. കലാരാജു എല്‍.ഡി.എഫ് മെമ്പറാണെന്നും, അവരെ യു.ഡി.എഫാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതെന്നും കൂടി മുഖ്യമന്ത്രി പറഞ്ഞതോടെ വാദി പ്രതിയായി. ഇതാണ് രാഷ്ട്രീയം. ആരോപണത്തിന്റെ മുനയൊടിക്കാന്‍ കഴിയണം രാഷ്ട്രീയക്കാരന്. അതാണ് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍, സംഭവം എന്തായിരുന്നുവെന്ന് കേരളത്തിലെ എല്ലാവര്‍ക്കും ബോധ്യമായതാണ്.
പോരെങ്കില്‍ കലാരാജുതന്നെ മാധ്യമങ്ങളോടു പറഞ്ഞതുമാണ്. എന്നിട്ടും അതിനെ വെടക്കാക്കി തനിക്കാക്കാന്‍ ശ്രമിച്ചതിന്റെ നേര്‍ ചിത്രമാണ് സഭ കണ്ടത്. മുഖ്യമന്ത്രി പറഞ്ഞില്‍ തെറ്റില്ല എന്നുതന്നെ വിശ്വസിക്കേണ്ടി വരും. കാരണം, പോലീസ് ചെയ്തതും, എല്‍.ഡി.എഫ് നടത്തിയതും രക്ഷിക്കല്‍ കര്‍മ്മമാണല്ലോ. പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം തുടങ്ങിയപ്പോള്‍ മുതല്‍ ഭരണപക്ഷ അംഗങ്ങള്‍ ബഹളം ആരംഭിച്ചു. സതീശന്‍ മുഖ്യമന്ത്രിയെ നേര്‍ക്കുനേര്‍ ആക്ഷേപിക്കുന്നത് അംഗങ്ങള്‍ക്ക് കണ്ടുനില്‍ക്കാനാവില്ലല്ലോ എന്ന് വര്‍ണ്യത്തിലാശങ്ക. ഇടയ്ക്കു നിര്‍ത്തിയും, പിന്നെ തുടങ്ങിയും പ്രതിപക്ഷ നേതാവ് സംസാരം നടത്തിക്കൊണ്ടേിരുന്നു.
ഒരു സ്ത്രീയ പരസ്യമായി വസ്ത്രാക്ഷേപം നടത്തി. തലമുടി ചുറ്റിപ്പിടിച്ച് വലിച്ചെറിഞ്ഞു. സാരി വലിച്ചഴിച്ചു. ഒരു സ്ത്രീയോട് ചെയ്ത കാര്യമാണിത്. അവരുടെ കാല് ഡോറില്‍ കുടുങ്ങി. കാല് കുടുങ്ങിയെന്നു പറഞ്ഞപ്പോള്‍ ഒരു കൊച്ചു പയ്യന്‍ പറഞ്ഞതാണ്, അവിടെ ചെല്ലുമ്പോള്‍ ബാക്കിയുണ്ടെങ്കില്‍ നിന്റെ കാല് വെട്ടിത്തരാമെന്ന്. നിങ്ങളുടെ നീതിബോധം ഇതാണ്. അമ്മമാരോടും, മക്കളോടും, പെങ്ങന്‍മാരോടും…ഒരു സ്ത്രീയെ തട്ടിക്കൊണ്ടു പോകാനുള്ള എല്ലാ വഴിയും ക്ലീയര്‍ ചെയ്തു കൊടുക്കുകയായിരുന്നു കൂത്താട്ടുകുളം ഡി.വൈ.എസ്.പിയും പോലീസും ചെയ്തു കൊടുത്തത്.
ഇത് കേട്ടതോടെ ഭരണപക്ഷ അംഗങ്ങള്‍ വലായശബ്ദത്തില്‍ ബഹളം വെച്ചു. ഒരക്ഷരം പ്രതിപക്ഷ നേതാവിനെക്കൊണ്ട് പറയിക്കില്ല എന്ന പോലെ. അഥവാ പറഞ്ഞാല്‍ അത്, റെക്കോര്‍ഡ് ചെയ്യാന്‍ കഴിയാത്ത വിധം കോലാഹലം തുടര്‍ന്നു. സ്ത്പീക്കര്‍ ഷംസീര്‍ പറയാന്‍ വേണ്ടി പറയുന്നതു പോലെ അവരോട് ഇരിക്കാനും നിര്‍ത്താനുമൊക്കെ പറയുന്നുണ്ട്. ആ പറച്ചിലിന് ജീവനില്ലാത്തു കൊണ്ടാകാം ബഹളം ശക്തമായി. ഇതുകേട്ട് സതീശന്‍ പ്രകോപതനാവുകയും, പി.സലി. വിഷ്ണുനാതിനോടും സംഘത്തോടും നടുത്തളത്തിലേക്കിറങ്ങാനും ആംഗ്യം കാണിച്ചു. തൊട്ടുപിന്നാലെ കയ്യിലിരുന്ന കടലാസുകള്‍ വലിച്ചെറിഞ്ഞുകൊണ്ട് ആക്രോശിച്ചു.
എന്തു തെമ്മാടിത്തരമാണ് കാണിക്കുന്നത്. എന്തും ചെയ്യാമെന്നാണോ എന്നും പറഞ്ഞ് പ്രസംഗം നിര്‍ത്തി ഇരുന്നു. അങ്ങ് പ്രകോപിതനാകണ്ട. അങ്ങ് സീനിയര്‍ മെമ്പറാണ്. അങ്ങ് പ്രസംഗിക്കൂ. അവരെ ഇഗ്നോര്‍ ചെയ്യൂ എന്നും സ്പീക്കര്‍ പറഞ്ഞു കൊണ്ടേയിരുന്നു. ബഹളത്തിനിടയില്‍ പ്രതിപക്ഷ നേതാവ് പ്രസംഗിച്ചു. കേസില്‍ പാര്‍ട്ടി ഏര്യാക്കമ്മിറ്റി സെക്രട്ടറിയാണ് ഒന്നാംപ്രതി. ചെയര്‍ പേഴ്‌സണാണ് രണ്ടാം പ്രതി. വൈസ് ചെയര്‍മാനാണ് മൂന്നാം പ്രതി. ഇതു കേട്ടതോടെ ബഹളം ശക്തമായി. സ്പീക്കര്‍ പറഞ്ഞിട്ടും നിര്‍ത്താന്‍ അംഗങ്ങള്‍ തയ്യാറായില്ല. ഇതിനിടെ സ്പീക്കര്‍ പ്രതിപക്ഷ നേതാവിനോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടത് വീണ്ടും പൊല്ലാപ്പായി. അതെന്താ സ്പീക്കര്‍ എന്നോട് സംസാരിക്കാന്‍ പറയുന്നത് എന്ന് സതീശന്‍. ഭരണപക്ഷത്തുള്ളവര്‍
സ്പീക്കര്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല എന്തു ചെയ്യാന്‍ പറ്റുമെന്ന് സ്ത്പീക്കര്‍. അപ്പോഴും പ്രതിപക്ഷ അംഗങ്ങളോട് ചെയറില്‍ പോയിരിക്കാന്‍ സ്പീക്കര്‍ പറയുന്നുണ്ടായിരുന്നു. അത് കേള്‍ക്കേണ്ട താമസം പ്രതിപക്ഷ അംഗങ്ങള്‍ കസേരകണ്ടെത്തി പോയിരുന്നു. ട്രഷറി ബെഞ്ച് അപ്പോഴും ശബ്ദമുഖരിതമായിരുന്നു. പ്രതിപക്ഷ നേതാവ് തുടര്‍ന്നു. ഇത് കൗരവ സഭയില്‍ പണ്ടുണ്ടായ സംഭവത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അന്ന് വസ്ത്രാക്ഷേപം നടത്തിയയും അട്ടഹസിച്ചതും ദുശാസ്സനന്‍മാരായിരുന്നു. ഇന്ന് ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിനവ ദുശ്ശാസന്‍മാരായി മാറിയിരിക്കുന്നു.
CONTENT HIGH LIGHTS; Abhinava Dushasanas, Koothattukulam dress code and some mischief: Shamseer as the speaker who can’t control the house after listening to it all.