ബി.ജെ.പി കേരളാ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ കൊണ്ടുവന്നത് കേരളത്തില്‍ രാഷ്ട്രീയ അട്ടിമറിയൊന്നും ഉണ്ടാക്കാനല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍, ലക്ഷ്യം മറ്റൊന്നാണെന്ന് ഉറപ്പിക്കാം. അത് നിയമസഭയിലെ പ്രതിപക്ഷ സ്ഥാനമാണ്. പറയേണ്ടതും, നിയമനിര്‍മ്മാണത്തിലെ ഇടപെടലും, പ്രതിഷേധവും അടയാളപ്പെടുത്തണമെങ്കില്‍ അത്തരമൊരു സ്ഥാനം ഉണ്ടെങ്കിലേ കഴിയൂവെന്ന തിരിച്ചറിവാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന കോര്‍പ്പറേറ്റ്, പാര്‍ലമെന്ററി രാഷ്ട്രീയക്കാരനെ ബി.ജെ.പി കേരള ഘടകത്തിന്റെ അധ്യക്ഷനാക്കിയത്.
ഡെല്‍ഹിയില്‍ നിന്നും ഓടിളക്കി വന്നതാണെങ്കിലും, തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച്, തോല്‍വിയുടെ മധുരം നുകര്‍ന്ന രാജീവ് ചന്ദ്രശേഖര്‍ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. കേരളത്തില്‍ ബി.ജെ.പിയുടെ ദീര്‍ഘകാലത്തേക്കുള്ള രാഷ്ട്രീയ ഇന്‍വെസ്റ്റ്‌മെന്റ്. അതാണ് രാജീവിനെ അധ്യക്ഷനാക്കാനുള്ള നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും തീരുമാനത്തിലേക്ക് എത്തിച്ചത്. നിലവിലെ ബി.ജെ.പി രാഷ്ട്രീയം കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്നുറപ്പായ ഘട്ടത്തിലാണ് മാറ്റത്തെ കുറിച്ച് ചിന്തിച്ചതും. കേന്ദ്ര സര്‍ക്കാര്‍-നരേന്ദ്രമോദി-കേന്ദ്ര ബി.ജെ.പി എന്നീ ഘടകങ്ങളില്‍ മാത്രം ചുറ്റിക്കറങ്ങുകയാണ് കേരളത്തിലും ബി.ജെ.പി രാഷ്ട്രീയം.
അല്ലാതെ കേരളത്തിലെ ബി.ജെ.പി ഘടകത്തിന് പ്രത്യേകിച്ചൊന്നും പറയാനോ അവകാശപ്പെടാനോ ഇല്ലെന്നതാണ് വസ്തുത. ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും ഉണ്ടാകുന്ന മന്ദഗതിയിലുള്ള വോട്ട് ഷെയര്‍ വര്‍ദ്ധനവാണ് ആകെ പറയാനുള്ളത്. പ്രവര്‍ത്തന മികവില്‍ അഭിമാനിക്കാനില്ലാത്ത സംഘടനാ പ്രവര്‍ത്തനമാണ് ഇതുവരെയുള്ള ബാലന്‍സ് ഷീറ്റ്. എന്നാല്‍, നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ മുങ്ങി, കെ.കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മക്കള്‍ വരെ ബി.ജെ.പിയിലെത്തിയിരിക്കുന്നു. കേരളത്തിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനം കൊണ്ടോ, നേതാക്കളെ കണ്ടോ ഒരാലുപോലും മെമ്പര്‍ഷിപ്പിലേക്കു വന്നിട്ടുമില്ല.
രാജീവ് ചന്ദ്ര ശേഖറിന്റെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം പോലും കേന്ദ്ര നേതൃത്വത്തിന്റെ അജണ്ടയുടെ ഫലമാണ്. ശശി തരൂരിനെ വിറപ്പിച്ചും, കോണ്‍ഗ്രസിനെ വിഷാദത്തിലേക്ക് തള്ളിയിട്ടും, ഇടതുപക്ഷത്തെ തൂത്തെറിഞ്ഞു കൊണ്ടുമാണ് വിജയത്തിനോളം പോന്ന രണ്ടാം സ്ഥാനത്തേക്ക് രാജീവ് കടന്നെത്തിയത്. അവിടെ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന് ഒന്നു മനസ്സിലായി. കേരളത്തിലെ ബി.ജെ.പി നേതാക്കളെക്കാളും, സംഘടനാ പ്രവര്‍ത്തനത്തെക്കാളും സ്വീകാര്യനായ, ടെക്‌നോളജി അറിയുന്ന, യുവത്വത്തെ കൂടെ നിര്‍ത്താനാകുന്ന, വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടുള്ള ഒരാളല്ലാതെ മറ്റാര്‍ക്കും ഒന്നിനും കഴിയില്ല എന്നത്.
രാജീവ് ചന്ദ്രശേഖറിലൂടെ ലക്ഷ്യം വെയ്ക്കുന്ന മൂന്നു കാര്യങ്ങളാണ് ബി.ജെ.പിക്കുള്ളതെന്ന് വ്യക്തം. ഒന്ന്, ബി.ജെ.പി കേരള ഘടകത്തിലെ ഗ്രൂപ്പിസത്തിന് അറുതി വരുത്തുക. രണ്ട്, കേരള നിയമസഭയില്‍ പ്രതിപക്ഷ സ്ഥാനത്തെത്തുക. മൂന്ന്, കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കി ആളെക്കൂട്ടുക. ഇത്രയും കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. എന്നാല്‍, ബി.ജെ.പിക്ക് ചെയ്യാനാകുന്ന കാര്യമാണ്. അതാണ് ഇക്കഴിഞ്ഞ നിയമസഭാ-പാര്‍ലെമന്റ് തെരഞ്ഞെടുപ്പുകളിലൂടെ മനസ്സിലാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പിയുടെ വോട്ട് ഷെയര്‍ വര്‍ദ്ധനയില്‍ കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നത്. ഇത് മോദി എഫക്ടും, മോദിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമാണമെന്ന് വ്യക്തമായിട്ടുണ്ട്.
കേന്ദ്ര ബി.ജെ.പി നേതൃത്വം കേരളത്തിലെ സംഘടനാ പ്രവര്‍ത്തനം ഏറ്റെടുത്തതോടെയാണ് ഇടതുപക്ഷ സര്‍ക്കാരിനെ സാമ്പത്തികമായി ഞെരുക്കാന്‍ തുടങ്ങിയത്. കേരളത്തില്‍ ബി.ജെ.പിക്ക് ഇടം കൊടുക്കുക-പകരം സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താം എന്നൊരു പോളീസിയില്‍ ഇടതു സര്‍ക്കാരും കേന്ദ്ര ബി.ജെ.പി മന്ത്രിസഭയും ധാരണയില്‍ എത്തിയിട്ടുണ്ടെന്നത് വ്യക്തമാണ്. നിര്‍മ്മലാ സീതാരാമന്റെ അസാമാന്യ കൂടിക്കാഴച ഇതിനു പ്രത്യക്ഷ ഉദാഹരണമാണ്. രാജീവ് ചന്ദ്രശേഖറിന്റെ പ്രധാന ദൗത്യത്തില്‍പ്പെടുന്നതാണ് പാര്‍ട്ടിയിലേക്ക് കോണ്‍ഗ്രസ്സുകാരെ എത്തിക്കുക എന്നത്. കോണ്‍ഗ്രസ്സില്‍ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്കു കൂടാനിരിക്കുന്നതേയുള്ളൂ.
കോണ്‍ഗ്രസ്സ് എന്ന പ്രതിപക്ഷ പാര്‍ട്ടിയെ ഇല്ലാതാക്കുകയും, അതുവഴി നേതാക്കളെയും അണികളെയും ബി.ജെ.പിയില്‍ എത്തിക്കുകയും ചെയ്യുന്നതോടെ കോണ്‍ഗ്രസ് തകരും. സ്വാതന്ത്ര്യ സമര ചരിത്രത്തോളം പഴക്കമുള്ള ഒരു പാര്‍ട്ടിയുടെ തകര്‍ച്ചയില്‍ വളരുകയും, നിയമസഭയില്‍ പ്രതിപക്ഷമായി ഇരിക്കുകയും ചെയ്യുകയാണ് നിലവിലുള്ള രാഷ്ട്രീയത്തില്‍ വേണ്ടതെന്ന് ബി.ജെ.പി പഠിച്ചിരിക്കുന്നു. കേരളത്തിന്റെ ഭരണം പിടിക്കാന്‍ അടുത്ത കാലത്തൊന്നും കഴിയില്ലെന്ന് അറിയാവുന്നതു കൊണ്ടാണ് കോണ്‍ഗ്രസിനെ തകര്‍ത്ത് അധികാരത്തിലെത്താനുള്ള ശ്രമം ആരംഭിക്കുന്നത്.
കൃത്യമായ മാസ്റ്റര്‍പ്ലാനോടെയാണ് ബിജെപി കേന്ദ്രനേതൃത്വം രാജീവ് ചന്ദ്രശേഖറിനെ നിയോഗിച്ചത്. ഇക്കുറി സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കുക എന്നതും ബി.ജെ.പി ലക്ഷ്യം വെക്കുന്നു. പരമ്പരാഗത ബിജെപി ശൈലിയില്‍ നിന്നും മറികടന്ന് കേരളത്തിലെ മധ്യവര്‍ഗ്ഗത്തെ അടുപ്പിച്ചുകൊണ്ടു മുന്നോട്ടു പോകുക എന്നതാണ് പ്രധാന ലക്ഷ്യം. ഇന്നലെ ചുമതലയേറ്റ രാജീവ് തന്റെ ലക്ഷ്യം എന്താണെന്ന് തുറന്നു പറഞ്ഞു കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളില്‍, കേരളത്തില്‍ ബിജെപിക്കു നിലവിലുള്ള 20 ശതമാനം വോട്ടില്‍നിന്നു 30 ശതമാനത്തിനു മുകളിലേക്ക് വര്‍ധിപ്പിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം.
40 മണ്ഡലങ്ങളില്‍ 30 ശതമാനം വോട്ടുപിടിക്കാനുള്ള പ്രവര്‍ത്തന രൂപരേഖ തയാറാക്കാനും നിര്‍ദേശമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുശതമാനം വിലയിരുത്തി കോര്‍കമ്മിറ്റിയും പ്രഭാരിയും ചേര്‍ന്നുണ്ടാക്കിയ പ്രവര്‍ത്തന തന്ത്രം ദേശീയ നേതൃത്വത്തിനും കൈമാറിയിട്ടുണ്ട്. 35,000 ത്തിനു മുകളില്‍ വോട്ടു ലഭിച്ച 60 നിയമസഭാ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റൊരു പദ്ധതിയും തയാറാക്കുന്നുണ്ട്. കഴിവുതെളിയിച്ച പുതിയ നേതാക്കളെ സംസ്ഥാന നേതൃപദവികളില്‍ എത്തിക്കണമെന്നും കൂടുതല്‍ അവസരം നല്‍കണമെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ നിര്‍ദേശം. മറ്റ് ഉപാധികളിലൂടെ നേതൃതലത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനോട് അദ്ദേഹത്തിന് വിയോജിപ്പുണ്ട്.
ബി.ജെ.പിയില്‍ ഇനി ഗ്രൂപ്പിസം ഉണ്ടാകില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംസ്ഥാന ബി.ജെ.പിയിലെ ഗ്രൂപ്പു മാനേജര്‍മാര്‍ക്കുള്ള താക്കീതാണ്. വ്യക്തികളുടെ ടീം അല്ല യുവാക്കളടങ്ങിയ ബി.ജെ.പിയുടെ ടീം കേരളത്തിലുണ്ടാകും. കേരളത്തില്‍ മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി താന്‍ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗത രീതികളും വഴിമാറും. എന്നാല്‍, പ്രായോഗിക രാഷ്ട്രീയത്തില്‍ പുതുമുഖമായ രാജീവ് ചന്ദ്രശേഖറിന് പാര്‍ട്ടിയെ നയിക്കാന്‍ പുതിയ മെയ് വഴക്കം ശീലിക്കേണ്ടിവരും. പാര്‍ട്ടിക്കുപരി സ്വീകാര്യതയുള്ള, ഫുള്‍ടൈം പാര്‍ട്ടിക്കാരനല്ലാത്ത രാജീവിനെ സര്‍പ്രൈസ് പ്രസിഡന്റ് ആക്കിയതിലൂടെ
കേരളത്തില്‍ പുതിയ പരീക്ഷണമാണ് ബി.ജെ.പി നടത്തുന്നത്. നേതൃനിരയിലെ പ്രമുഖരെയെല്ലാം ചേര്‍ത്തുപിടിച്ചും ഒപ്പംനിര്‍ത്തിയും വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ഒരുക്കുകയെന്ന വെല്ലുവിളിയാണ് രാജീവിന് മുന്നിലുള്ളത്. അതിനുവേണ്ടി താഴേത്തട്ടിലേക്കിറങ്ങാന്‍, സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ചേരാന്‍ പുതിയ രാഷ്ട്രീയവഴക്കം ശീലിക്കേണ്ടിവരും. രാജീവ് ചന്ദ്രശേഖര്‍ കേരളത്തിനു കൂടുതല്‍ സുപരിചിതനായത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായപ്പോഴാണ്.മുഖ്യ എതിരാളി ശശിതരൂരിന്റെ 2019-ലെ ഭൂരിപക്ഷം (99,989) 2024ല്‍ 16,077-ലേയ്ക്ക് താഴ്ത്തി രണ്ടാംസ്ഥാനത്തെത്തിയത് നേട്ടമായി.
രാഷ്ട്രീയത്തിനതീതമായ സ്വീകാര്യത ലഭിച്ചുവെന്നായിരുന്നു രാജീവിന്റെ വിലയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം, രാജീവ് ചന്ദ്രശേഖര്‍ തലസ്ഥാനത്ത് സജീവമാവുകയും താമസസൗകര്യമൊരുക്കുകയും ചെയ്തതോടെ അടുത്ത നിയമസഭയോ ലോക്സഭയോ അദ്ദേഹം ലക്ഷ്യമിടുന്നു എന്ന കണക്കുകൂട്ടലിലായിരുന്നു മിക്കവരും. പാര്‍ട്ടി നേതൃത്വത്തില്‍ മൊത്തത്തില്‍ അഴിച്ചുപണിയുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ശ്രീനാരായണ ഗുരുവിന്റെ ഉദ്ധരണിയാണ് സംസ്ഥാന സെക്രട്ടറിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷം രാജീവ് ചന്ദ്രശേഖര്‍ ആദ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക’, എന്ന ശ്രീനാരായണ വാക്യമാണ് രാജീവ് ഫേസ്ബുക്കില്‍ കുറിച്ചത്.
2006ലാണ് രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പിയില്‍ ചേരുന്നത്. 2006ല്‍ കര്‍ണാടകയില്‍ നിന്ന് ബി.ജെ.പി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയിലെ വ്യവസായ പ്രമുഖന്‍ കൂടിയായ രാജീവ് ചന്ദ്രശേഖര്‍ 2016 മുതല്‍ 2024 വരെ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2021 മുതല്‍ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയുമായി. 2020 മുതല്‍ ബി.ജെ.പിയുടെ ദേശീയ വക്താവാണ്.
CONTENT HIGH LIGHTS; BJP’s goal is opposition position in the assembly: Left and BJP face off in Congress-free Kerala; Will Congress be destroyed in Kerala?