സംസ്ഥാനത്തെ പ്രധാന സര്‍വ്വകലാശാലകളുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമിയില്‍ സര്‍ക്കാര്‍ ഒത്താശയോടെ ഭൂ മാഫിയകള്‍ കച്ചവടം ചെയ്യുന്നു. 400 കോടി രൂപ വിലവരുന്ന കേരള സര്‍വകലാശാലയുടെ 37 ഏക്കര്‍ ഭൂമി ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്. ഇതിനു സമാനമായി കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍, നാഷണല്‍ ഹൈവേയുടെ ചേര്‍ന്ന് 42ഏക്കര്‍ ഭൂമി സ്വകാര്യ
ഏജന്‍സിക്ക് ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ സൗജന്യമായി വിട്ടു നല്‍കാനുള്ള നടപടിക്ക് കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റിന്റെ തീരുമാനം വന്നിരിക്കുകയാണ്. സ്‌പോര്‍ട്ട്‌സ് യുവജനകാര്യ മന്ത്രി വി. അബ്ദുറഹ്മാന്റെ നിര്‍ദ്ദേശാനുസരണമാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഏകദേശം 500 കോടി രൂപ വിലവരുന് സര്‍വ്വകലാശാല ഭൂമിയാണ് സ്വകാര്യ ഏജന്‍സിക്ക് ഫുട്‌ബോള്‍ സ്റ്റേഡിയം,
സ്വിമ്മിങ്പൂള്‍, ഷോപ്പിംഗ് കോംപ്ലക്‌സ് തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് വിട്ടുകൊടുക്കുവാന്‍ ധാരണയായിരിക്കുന്നത്. സിണ്ടിക്കേറ്റ് ഉപസമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം മന്ത്രിയുമായി ചര്‍ച്ചനടത്തി യൂണിവേഴ്‌സിറ്റി ഭൂമി കൈമാറാനുള്ള സമ്മതം അറിയിച്ചു കഴിഞ്ഞു. 2022 ഡിസംബര്‍ വരെ പാട്ടത്തുകയായി കേരള സര്‍വകലാശാലയ്ക്ക് 70 കോടി രൂപ കുടിശ്ശികയായി ലഭിക്കാന്‍ ഉണ്ടെന്ന് എം.എല്‍.എ സി.ആര്‍. മഹേഷിന്റെ
ചോദ്യത്തിന് നിയമസഭയില്‍ വെളിപ്പെടുത്തിയ സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ തന്നെയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി, സ്റ്റേഡിയത്തിന് വിട്ടുനല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് നിലവില്‍ 84 കോടിരൂപ പാട്ടക്കുടിശ്ശിക ഉണ്ടെങ്കിലും കേരള സര്‍വകലാശാല അധികൃതര്‍ മേല്‍നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല. കേരള, കുസാറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളോട് അനുബന്ധമായി സ്വകാര്യ ഏജന്‍സികളുടെ പങ്കാളിത്തത്തോടെസയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് പിന്നിലും ഭൂ മാഫികളുടെ സമ്മര്‍ദ്ദം
ഉണ്ടെന്നാണറിയുന്നത്. കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ നൂറുകോടിരൂപ വില വരുന്ന പത്തേക്കര്‍ ഭൂമി സയന്‍സ് പാര്‍ക്കിനു സൗജന്യമായി വിട്ടുകൊടുക്കാന്‍ കേരള സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ട് ഏറെ നാളായിട്ടില്ല. 2010ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്‍ട്ട്‌സ് മന്ത്രി ആയിരുന്ന എം. വിജയകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേരള സര്‍വ്വകലാശാല ഭൂമി വിട്ടുകൊടുക്കാന്‍ തീരുമാനിച്ചതെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്
കെ.ബി. ഗണേഷ് കുമാര്‍ സ്‌പോര്‍ട്ട്‌സ് വകുപ്പു മന്ത്രിയായിരുന്നപ്പോഴാണ് 15 വര്‍ഷത്തെ പാട്ട വ്യവസ്ഥയില്‍ 37 ഏക്കര്‍ ഭൂമി കൈമാറിയത്. സ്റ്റേഡിയത്തിനു പുറമേ സിനിമ തീയറ്ററുകള്‍, റസ്റ്റോറന്റ്, നീന്തല്‍ കുളം, വിവാഹ മണ്ഡപം, കോണ്‍ഫറന്‍സ് ഹാളുകള്‍, സോഫ്റ്റ്വെയര്‍ കമ്പനി തുടങ്ങിയ സ്റ്റേഡിയത്തോട് അനുബന്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2012ല്‍ ഡി.ജി.പി ആയിരുന്ന ജേക്കബ് പുന്നൂസ് ആണ് നാഷണല്‍ ഗെയിംസ് സെക്രട്ടേറിയറ്റിനു വേണ്ടി കരാറുകളില്‍ ഒപ്പുവച്ചതെങ്കിലും സ്റ്റേഡിയം
നിര്‍മ്മാണം സര്‍ക്കാര്‍ DBOT വ്യവസ്ഥയില്‍ ഒരു സ്വകാര്യ ഏജന്‍സിക്ക് കരാര്‍ നല്‍കുകയായിരുന്നു. ഫലത്തില്‍ സര്‍വ്വകലാശാലയുടെ 37 ഏക്കര്‍ ഭൂമിയും സ്റ്റേഡിയവും, അനുബന്ധ സ്ഥാപനങ്ങളും നിലവില്‍ ആരുടെ ചുമതലയിലെന്ന് പോലും സര്‍വ്വകലാശാലയ്ക്ക് അറിയില്ല. സമാനമായാണ് കാലിക്കറ്റ് സര്‍വകലാശാല 42 ഏക്കര്‍ ഭൂമി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.
ഭൂമി ഏറ്റെടുത്ത് സ്റ്റേഡിയം, വ്യവസായസമുച്ചയം എന്നിവ നിര്‍മ്മിക്കാന്‍ ചില സ്വകാര്യ ഏജന്‍സികള്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും മുന്‍പ് കരാറില്‍ ഒപ്പുവയ്ക്കാന്‍ മന്ത്രിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് സ്വന്തമായി ഒരു സ്റ്റേഡിയം ക്യാമ്പസ്സിനുള്ളിലുള്ളപ്പോള്‍ മറ്റൊരു സ്റ്റേഡിയത്തിന്റെ ആവശ്യമെന്തെന്നാണ് സര്‍വ്വകലാശാല അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും ആരായുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നിരവധി നൂതന കോര്‍ഴ്‌സുകള്‍ ആരംഭിക്കുന്നതിന് കൂടുതല്‍ സ്ഥലം സവ്വകലാശാലയ്ക്ക് ആവശ്യമുള്ളപ്പോഴാണ് സര്‍ക്കാര്‍ ചില ബാഹ്യ ഏജന്‍സികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയിരിക്കുന്നത്. സര്‍വ്വകലാശാലയുടെ അക്കാദമിക് വികസന പ്രവര്‍ത്തനങ്ങളെ ഭാവിയില്‍ ദോഷകരമായി ബാധിക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി കച്ചവടം തടയണമെന്നും, കേരള സര്‍വകലാശാലയ്ക്ക് കരാര്‍ പ്രകാരമുള്ള പാട്ടത്തുക
ഈടാക്കാനാകാത്ത സാഹചര്യത്തില്‍ സ്റ്റേഡിയതിന്റെ നിയന്ത്രണം തിരികെ ഏറ്റെടുക്കാന്‍ കേരള സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, സയന്‍സ് പാര്‍ക്കിന് കേരള സര്‍വ്വകലാശാല ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
CONTENT HIGH LIGHTS; Land mafias are gaining a grip on university land: 84 crores lease for Karyavattom Greenfield Stadium; ‘Decision to give 42 acres of land in Calicut to a private agency; Government syndicate is involved in land trading under the guise of development