ഡെറാഡൂൺ/ന്യൂഡൽഹി: സർക്കാർ ഭൂമി കൈയേറി നിർമിച്ചതെന്നാരോപിച്ച് മുനിസിപ്പാലിറ്റി അധികൃതർ മദ്റസ കെട്ടിടം തകർത്തതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ബൻഭുൽപുരയിൽ നമസ്കാരം നിർവഹിച്ചിരുന്ന മദ്റസ വ്യാഴാഴ്ച വൈകുന്നേരം 3.30ഓടെയാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. ഉത്തരവ് കാണിക്കാനോ തങ്ങൾ പറയുന്നത് കേൾക്കാനോ തയാറാകാതെയാണ് ആരാധനകേന്ദ്രം തകർത്തതെന്ന് നാട്ടുകാർ പറഞ്ഞു.
പുരുഷ പൊലീസ് ഉദ്യോഗസ്ഥർ വനിതകളെ ലാത്തികൊണ്ട് അടിച്ചെന്ന് ദൃക്സാക്ഷി പറഞ്ഞു. മദ്റസ തകർക്കുന്നതിനു മുമ്പ് ഇവിടെനിന്ന് മതഗ്രന്ഥങ്ങൾ എടുക്കാൻ രണ്ടുപേരെയാണ് ഉദ്യോഗസ്ഥർ അനുവദിച്ചത്. ഇതിനിടെ പൊളിച്ചുമാറ്റാനുള്ള ഉത്തരവ് കാണിക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥർ നടപടിയുമായി മുന്നോട്ടുപോയി. ഇതോടെയാണ് സംഘർഷമുണ്ടായത്.
രാത്രി വീടിനുള്ളിൽ കഴിയുമ്പോഴും പൊലീസ് വാതിലിന് വെടിവെച്ചുവെന്നും ഭയത്തോടെയാണ് കഴിയുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും ദൃക്സാക്ഷി പറഞ്ഞു. സംഘർഷത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ആക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ നൈനിത്താൾ ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടു. ബൻഭൂൽപുരയിൽ കർഫ്യു ഏർപ്പെടുത്തി. കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. പൊലീസ് സ്റ്റേഷനും പൊലീസുകാരെയും ആക്രമിച്ചതിന് നാലു പേരെ അറസ്റ്റ്ചെയ്തു. മൂന്നു കേസുകളെടുത്തു.
അതേസമയം, തീയിടുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്യുന്നവർക്കെതിരെ ദേശസുരക്ഷ നിയമപ്രകാരം കേസെടുക്കുമെന്ന് ഡി.ജി.പി അഭിനവ്കുമാർ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉന്നതതലയോഗം വിളിച്ച് സമാധാനം ഉറപ്പു വരുത്താനും ആക്രമികൾക്കെതിരെ കർശന നടപടിയെടുക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഹൽദ്വാനിയിൽ റെയിൽവേ വികസനത്തിന് ഭൂമി ആവശ്യമുണ്ടെന്ന് പറഞ്ഞ് 4000 കുടുംബങ്ങൾ താമസിക്കുന്ന റെയിൽവേ കോളനിക്കടുത്തുള്ള മദ്റസയാണ് പൊളിച്ചത്.
അഭിഷേക് ഘോസാൽകറുടെ കൊലക്ക് കാരണം വ്യക്തിവൈരാഗ്യം
രാജ്യത്തെ ജയിലുകളിൽ തടവുകാരായ സ്ത്രീകൾ ഗർഭിണികൾ ആകുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്തു സുപ്രീം കോടതി