×

രവീന്ദ്ര ജദേജയുടെ പിതാവിന്റെ ആരോപണങ്ങളിൽ വിശദീകരണം തേടിയ മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ച് റിവാബ ജദേജ

google news
f
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയുടെ പിതാവ് അനിരുദ്ധ് സിങ്ങിന്റെ ആരോപണങ്ങളിൽ വിശദീകരണം തേടിയ മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ച് ജദേജയുടെ ഭാര്യയും ബി.ജെ.പി എം.എല്‍.എയുമായ റിവാബ ജദേജ. ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാനാണോ ഇവിടെ എത്തിയതെന്നും പൊതുവേദിയില്‍ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളല്ല ചോദിക്കേണ്ടതെന്നും റിവാബ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. അതിനെക്കുറിച്ച് ചോദിക്കാൻ നേരിട്ട് തന്നെ ബന്ധപ്പെടാമെന്നും റിവാബ കൂട്ടിച്ചേർത്തു.

          രവീന്ദ്ര ജദേജയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായും മരുമകൾ റിവാബയാണ് തന്‍റെ കുടുംബത്തിലെ എല്ലാ കലഹങ്ങള്‍ക്കും കാരണമെന്നും ജദേജയുടെ പിതാവ് അനിരുദ്ധ്സിങ് ജദേജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഞാൻ അവരെയോ അവർ എന്നെയോ വിളിക്കാറില്ലെന്നും ഇപ്പോൾ ഒറ്റക്കാണ് താമസമെന്നും അദ്ദേഹം ദൈനിക് ഭാസ്കറിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

        ‘ഞാൻ ഒരു സത്യം പറയട്ടെ, എനിക്ക് രവിയുമായോ (രവീന്ദ്ര ജദേജ) അദ്ദേഹത്തിന്റെ ഭാര്യ റിവാബയുമായോ ഒരുതരത്തിലുമുള്ള ബന്ധവുമില്ല. ഞാൻ അവരെ വിളിക്കാറില്ല, അവർ എന്നെയും വിളിക്കാറില്ല. ജദേജയുടെ വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഞാൻ ഇപ്പോൾ ജാംനഗറിൽ ഒറ്റക്കാണ് താമസിക്കുന്നത്. ജദേജ സ്വന്തം ബംഗ്ലാവിലും’ -അനിരുദ്ധ് പറഞ്ഞു.

        ഒരേ നഗരത്തിലാണ് താമസിക്കുന്നതെങ്കിലും ഞങ്ങൾ കാണാറില്ല. റിവാബ രവീന്ദ്ര ജദേജയിൽ എന്തു മാജിക്കാണ് ചെയ്തതെന്ന് അറിയില്ല. അവൻ എന്റെ മകനാണ്, ഇതെല്ലാം ഒരുപാട് വേദനിപ്പിക്കുന്നു. ജദേജയെ വിവാഹം കഴിപ്പിക്കേണ്ടിയിരുന്നില്ല. രവീന്ദ്ര ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമായിരുന്നില്ല. എല്ലാം അവളുടെ പേരിലേക്ക് മാറ്റണമെന്നാണ് വിവാഹം കഴിഞ്ഞ് മൂന്നാം മാസം തന്നെ റിവാബ ആവശ്യപ്പെട്ടത്. അവരാണ് ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കിയത്. അവൾക്ക് കുടുംബം വേണമെന്നില്ല, സ്വതന്ത്രമായി ജീവിച്ചാൽ മതി. കൊച്ചുമകളുടെ മുഖം കണ്ടിട്ട് അഞ്ച് വർഷത്തിലേറെയായി. റിവാബയുടെ കുടുംബമാണ് എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതെന്നും പിതാവ് കുറ്റപ്പെടുത്തി.

        പിതാവിന്‍റെ ആരോപണങ്ങളിൽ പ്രതികരണവുമായി ജദേജ തന്നെ രംഗത്തെത്തിയിരുന്നു. തന്‍റെയും ഭാര്യയുടെയും പ്രതിച്ഛായ തകർക്കാനുള്ള ശ്രമം മാത്രമാണിതെന്നാണ് ജദേജ എക്സിൽ കുറിച്ചത്. ‘ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം അസംബന്ധമാണ്. തീർത്തും അർഥശൂന്യവും അസത്യവുമാണ്. എന്‍റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളാണിത്. എനിക്കും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ പരസ്യമായി പറയുന്നില്ല’ -ജദേജ കുറിച്ചു.

       2016 ഏപ്രിലിലായിരുന്നു ജദേജയും റിവാബയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് പിന്നാലെ താരത്തിന്‍റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2022 ഡിസംബറിൽ ജാംനഗറിൽനിന്നാണ് റിവാബ ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Read also: കേരളത്തിനായുള്ള കളി അവസാനിപ്പിച്ച് രോഹന്‍ പ്രേം

ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് പഞ്ചാബ് എഫ്സി (3-1); കൊച്ചിയിൽ സീസണിലെ ആദ്യ തോൽവി

ഐ.പി.എൽ അല്ല, രഞ്ജി ട്രോഫിയാണ് പ്രധാനം; മുന്നറിയിപ്പുമായി ബി.സി.സി.ഐ

 ഇംഗ്ലണ്ടിനെതിരായ 3-ാം ടെസ്റ്റില്‍ രാഹുല്‍ കളിക്കില്ലെന്ന് റിപ്പോർട്ട്

  കേരള ബ്ലാസ്റ്റേഴ്സ്-പഞ്ചാബ് എഫ്.സി ഒപ്പത്തിനൊപ്പം

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags