ആലപ്പുഴ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥി എൻ.കെ. ജനാർദ്ദനൻ്റെ വൈകാരികമായ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. പഞ്ചായത്തിൻ്റെ ‘ദത്തുപുത്രി’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ലീല ചേച്ചി നൽകിയ സ്നേഹ സമ്മാനമാണ് തൻ്റെ തിരഞ്ഞെടുപ്പിലെ കെട്ടിവെക്കാനുള്ള തുകയായി അദ്ദേഹം ഉപയോഗിച്ചത്. തിരഞ്ഞെടുപ്പിൽ ജയിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൽ സ്നേഹത്തിന്റെ ആഴം തിരിച്ചറിയാൻ കഴിഞ്ഞ മുഹൂർത്തമാണിതെന്നും ജനാർദ്ദനൻ കുറിപ്പിൽ പങ്കുവെച്ചു. ലീല ചേച്ചിക്ക് ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം :
ഇതാണ് ലീല ചേച്ചി. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ദത്തുപുത്രി. ഓർമ്മിക്കുന്നില്ലേ – സ്വന്തമായുണ്ടായിരുന്ന ഒരു തുണ്ടുഭൂമി – പൊതു ഉപ യോഗത്തിന് – അങ്കണവാടി നിർമ്മിക്കുവാൻ വിട്ടു നല്കിയ നാടിന്റെ പ്രിയപ്പെട്ട ലീലയേച്ചി.
ബന്ധം പറഞ്ഞാൽ ഒരു ചേട്ടത്തിയാണ്. എങ്കിലും ” കുഞ്ഞേ” – എന്നേ വിളിക്കൂ. മക്കളില്ലെങ്കിലും സ്നേഹമസൃണമായ ആ വിളിയിൽ മാതൃത്വത്തിന്റെ ഒരുമാധുര്യമുണ്ട്. വാർഡു മെമ്പറും ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സണുംകൂടിയായ സഖാവ്.പ്രിയാജയറാം ഒരു രക്ഷകർത്താവായിത്തന്നെ നിന്നു കൊണ്ട് ചേച്ചിയുടെ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും മുടക്കം വരാതെ നോക്കുന്നുണ്ട്. എന്തെങ്കിലും പോരായ്മ വന്നാൽ ഞങ്ങൾ തമ്മിലാലോചിച്ച് അത് ഒട്ടും വൈകാതെ പരിഹരിക്കുകയും ചെയ്യാറുണ്ട്. ഒരു രണ്ടാഴ്ചയിൽ കൂടുതൽ എന്നെ കാണാതിരുന്നാൽ കൃത്യമായി ഫോൺ ചെയ്തിരിക്കും. തിരക്കുമൂലം ഫോണ്ടെടുക്കാതിരിക്കുകയോ തിരിച്ചു വിളിക്കാൻ വൈകിയാലോ – പിന്നെക്കാണുമ്പോൾ പരിഭവമായി സങ്കടമായി…..
ഇപ്പോൾ ഇതോർമ്മിക്കാൻ ഒരു കാരണമുണ്ട്. കുറച്ചു മാസങ്ങൾക്കുമുൻപ് എന്റെ അസുഖങ്ങളൊക്കെ മാറിയതിനുശേഷം ഒരു ദിവസം ലീലേച്ചിയെ കാണാൻ അങ്കണവാടിയിൽ ചെന്ന് ക്ഷേമാന്വേഷണങ്ങൾ നടത്തി തിരിച്ചിറങ്ങിയപ്പോൾ എന്റെ പിന്നാലെ ഓടി വന്ന് ഷർട്ടിന്റെ പോക്കറ്റിലേയ്ക്ക് അല്പം പൈസ ബലമായി വച്ചു തന്നു. എത്ര നിർബന്ധിച്ചിട്ടും അവർ അത് തിരികെ വാങ്ങിയില്ല. അങ്ങനെ ഞാനത് സ്നേഹപൂർവ്വം സ്വീകരിച്ചു.(ഒരുപക്ഷെ എനിക്ക് അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് നിർബന്ധപൂർവ്വം തിരിച്ചു കൊടുത്തിരുന്നുവെങ്കിൽ അത് ആ ചേച്ചിക്ക് തീർത്താൽ തീരാത്ത സങ്കടമാകുമായിരുന്നു മെന്ന് പിന്നീടെ നിക്ക് ബോധ്യപ്പെട്ടു )
ആ പൈസ വാങ്ങിയപ്പോൾ ഞാനൊന്നു തീരുമാനിച്ചു – അത് എന്തെങ്കിലും ഗുണകരമായതും ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റുന്ന കാര്യത്തിന് ഉപയോഗിക്കണമെന്ന് . എന്റെ പെഴ്സിന്റെ കാണാക്കോണിൽ ഒളിപ്പിച്ചു വച്ച് മാസങ്ങളോളം ഞാൻ കാത്തിരുന്നു. അങ്ങനെയിരിക്കുമ്പോളാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌പ്രഖ്യാപനം വന്നതും സ്ഥാനാർത്ഥിനിർണ്ണയത്തിൽ പാർട്ടി എന്റെ പേര് നിശ്ചയിച്ചതും. ആലോചിച്ചപ്പോൾ ആ പണം ചെലവാക്കാനുള്ള അവസരം ഇതു തന്നെയാണെന്ന ഒരുൾവിളിവന്നതു പോലെ തോന്നി. അങ്ങനെ ആ പൈസ നേരിട്ട് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കുന്നതിനായി ഉപയോഗിച്ചു. ഇന്നലെ അങ്കണവാടിയിൽ ചെന്ന് ലീല ചേച്ചിയെ അടുത്തിരുത്തി ഇക്കാര്യം പറഞ്ഞപ്പോൾ അവരുടെ കണ്ണ് നിറയുന്നതു ഞാൻ കണ്ടു. ആ കണ്ണീരിൽ ആഴമളക്കാൻ പറ്റാത്തവിധത്തിലുള്ള സ്നേഹാനുഗ്രഹം എനിക്കു കാണാൻ കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ ജയിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൽ സ്നേഹത്തിന്റെ ആഴവും പരപ്പുമൊക്കെ തിരിച്ചറിയാനാകുന്ന മുഹൂർത്തങ്ങളാണിതൊക്കെ.
പ്രിയപ്പെട്ട ലീല ചേച്ചി ആയുരാരോഗ്യ സൗഖ്യത്തോടെ പഞ്ചായത്തിന്റെ ദത്തുപുത്രിയായി ഇനിയും ഏറെക്കാലം ജീവിക്കട്ടെ….
















