ഏത്തക്കായ ഉപയോഗിച്ച് ഇത്ര രുചിയിൽ ഒരു കറി നിങ്ങള്‍ കഴിച്ചിട്ടുണ്ടാകാൻ സാധ്യത കുറവാണ്. നമ്മുടെ അടുക്കളയിൽ സാധാരണ ഉണ്ടാകുന്ന ചേരുവകള്‍ മാത്രം മതി, നാവിൽ കൊതിയൂറുന്ന ഈ വിഭവം തീന്മേശപ്പുറത്തെത്താൻ. മീൻകറി പ്രേമികളുടെ മനം കവരും ഈ വിഭവം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകൾ
പച്ച ഏത്തക്കായ – 3 എണ്ണം
എണ്ണ – 3 ടേബിൾ സ്‌പൂൺ
കടുക് – 1 ടീസ്‌പൂൺ
ഉലുവ- കാൽ ടീസ്‌പൂൺ
ഇഞ്ചി – 2 ടീസ്‌പൂൺ
വെളുത്തുള്ളി- 2 ടീസ്‌പൂൺ
പച്ചമുളക് – 5 എണ്ണം
വറ്റൽ മുളക്- 2 എണ്ണം
ജീരകം- അര ടീസ്‌പൂൺ
ചെറിയ ഉള്ളി- 10 എണ്ണം
മഞ്ഞൾപ്പൊടി- കാൽ ടീസ്‌പൂൺ
മുളക് പൊടി – അര ടീസ്‌പൂൺ
മല്ലി- 4 ടേബിൾ സ്‌പൂൺ
വെള്ളം – 2 കപ്പ്
കുടംപുളി- 4 എണ്ണം
തേങ്ങാ ചിരകിയത്- 1 കപ്പ്
ഉപ്പ്- 2 ടീസ്‌പൂൺ
തയാറാക്കുന്ന വിധം
പാചകം തുടങ്ങുന്നതിന് മുൻപ് ചില മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ഏത്തയ്‌ക്കായ നീളത്തിൽ അരിഞ്ഞ് ചൂടുവെള്ളത്തിൽ പത്ത് മിനിട്ട് ഇട്ടു വയ്ക്കുക. പാചകം ചെയ്യുമ്പോൾ എളുപ്പമാകാനുള്ള പൊടിക്കൈ ആണിത്. തേങ്ങയും മല്ലിയും വറ്റൽ മുളകും ജീരകവും കറിവേപ്പിലയും കുറച്ച് വെള്ളം ചേർത്ത് അരച്ചു മാറ്റി വയ്ക്കുക. ഉള്ളി വറുത്ത് വയ്ക്കുക.
ചൂടായ ചട്ടിയിലേയ്ക്ക് എണ്ണ ഒഴിച്ച് കടുകും ഉലുവയും മൂപ്പിച്ച് എടുക്കുക. തേങ്ങയും മല്ലിയും വറ്റൽ മുളകും ജീരകവും കറിവേപ്പിലയും കുറച്ച് വെള്ളം ചേർത്ത് അരപ്പ് ചേർക്കുക. കൂട്ട് തിളച്ചു വരുമ്പോൾ നീളത്തിൽ അരിഞ്ഞ പച്ച ഏത്തക്കായയും കുടംപുളിയും ചേർത്ത് പത്ത് മിനിട്ട് വേവിക്കുക. വെന്ത് വരുമ്പോൾ മുളകു പൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കുക. ഒടുവിൽ വറുത്തു വച്ചിരിക്കുന്ന ഉള്ളിയും കറിവേപ്പിലയും കുറച്ച് എണ്ണയും കൂടി ചേർത്ത് ഇളക്കണം.ഇപ്പോള്‍ ഒരു മണം വരുന്നില്ലേ? കാത്തിരുന്ന് വൈകിക്കേണ്ട, നിങ്ങളുടെ ഇഷ്‌ട കോമ്പിനേഷനും കൂട്ടി ഒരു പിടി പിടിച്ചോളൂ.
















