ഡൽഹി: ഇൻഡിഗോ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും കോടതി പറഞ്ഞു.
ഇൻഡിഗോ വിമാന സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സർക്കാർ നിലപാടാണ് പ്രശ്നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.
‘‘ഒരു പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾ അതിൽ നേട്ടം കൊയ്യുക? എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000–40,000 ആയി ഉയരുക? സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചു. ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കൂടി സൃഷ്ടിച്ചു’’– കേന്ദ്രസർക്കാരിനെ വിമർശിച്ച് കോടതി പറഞ്ഞു.
















