ചെറുകഥകളുടെ തമ്പുരാൻ ടി. പത്മനാഭന്‍റെ കഥകളെ അടിസ്ഥാനമാക്കി ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത ‘സമസ്താലോക’ രാജ്യാന്തര ചലച്ചിത്രോത്സവവേദിയായ ഐ.എഫ്.എഫ്.കെ-യിൽ നിറഞ്ഞ സദസ്സിൽ ആദ്യ പ്രദർശനം നടത്തി. ഫുൾമാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും രജിത്ത് രഘുവും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഇർഷാദ്, കുക്കു പരമേശ്വരൻ, ഡോ. ബിജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രദർശന വേദിയിൽ ചിത്രത്തിന് ഗംഭീര പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നിറഞ്ഞ സദസ്സിന്‍റെ നീണ്ട കൈയ്യടിയോടെയാണ് ചലച്ചിത്ര ആസ്വാദകർ ചിത്രത്തെ വരവേറ്റത്. പ്രദർശനത്തിന് ശേഷം നടന്ന മുഖാമുഖം പരിപാടിയിലും പ്രേക്ഷകർ സജീവമായി പങ്കെടുത്തു.

ടി. പത്മനാഭന്‍റെ കഥകളിലെ ദാർശനിക വശങ്ങളെ പൊളിറ്റിക്കലായും സ്പിരിച്ച്വലായും സ്വീകരിച്ച അവതരണമാണ് ‘സമസ്താലോക’യിൽ ഉടനീളം കണ്ടതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെട്ടു. സാർവലൗകിക സ്നേഹവും സഹജീവികളോടുള്ള കരുതലുമൊക്കെ ചിത്രം ഒപ്പിയെടുത്തു. മനുഷ്യ ജീവിതത്തിന്‍റെ നിസ്സാരതയും ശൂന്യതയും ചിത്രം അതിതീവ്രതയോടെയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്നും പ്രേക്ഷകർ വിലയിരുത്തി.

കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇർഷാദിന്‍റെയും മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച കുക്കു പരമേശ്വരന്‍റെയും പ്രകടനങ്ങൾ പ്രശംസ പിടിച്ചുപറ്റി. വിഖ്യാത ചലച്ചിത്രകാരൻ ഡോ. ബിജു അഭിനയത്തിലൂടെ ആദ്യമായി വെള്ളിത്തിരയിലെത്തിയ ചിത്രം കൂടിയാണ് ‘സമസ്താലോക’. ദേശീയ അവാർഡ് ജേതാവായ മനോജ് കാന, സുൽത്താൻ അനുജിത്ത്, കെ.സി. കൃഷ്ണൻ, അജിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ചലച്ചിത്ര അക്കാദമിയുടെ ആദരവും മൊമന്‍റോയും അക്കാദമി അംഗവും നാടക നടനും ചലച്ചിത്ര താരവുമായ സന്തോഷ് കീഴാറ്റൂർ വേദിയിൽ വെച്ച് ‘സമസ്താലോക’യുടെ സംവിധായകൻ ഷെറി ഗോവിന്ദൻ, നിർമ്മാതാക്കളായ ജെഷീദ ഷാജി, രജിത്ത് രഘു എന്നിവർക്ക് നൽകി. ചിത്രത്തിന്‍റെ അടുത്ത പ്രദർശനങ്ങൾ ഡിസംബർ 16 ന് രാവിലെ 9.15 ന് കൃപ തിയേറ്ററിലും, 18 ന് ഉച്ചയ്ക്ക് 12.30 ന് ന്യൂ ടു-വിലും നടക്കും.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്: ബാനർ-ഫുൾമാർക്ക് സിനിമ, തിരക്കഥ-സംവിധാനം-ഷെറി ഗോവിന്ദൻ, നിർമ്മാണം – ജെഷീദ ഷാജി-രജിത്ത് രഘു, ക്യാമറ- നവീൻ, പ്രൊജക്റ്റ് കോർഡിനേറ്റർ- ഷാജി പട്ടിക്കര, എഡിറ്റിംഗ് – ബിജു, കോ പ്രൊഡ്യൂസർ-ഷീല പി, കോ ഡയറക്ടർ-രജിത്ത് രഘു, നിർമ്മാണ നിർവഹണം-ഷാഫി മുണ്ടേരി, ആർട്ട് -റാംകുമാർ ബാലരാമൻ, വസ്ത്രാലങ്കാരം – ലതിക ഷെറിൻ, ഗ്രാഫിക്സ്-അരുൺ ഹരിദാസ്, പശ്ചാത്തല സംഗീതം -ചന്ദ്രബോസ്, ശ്രീമിത്ത്, സൗണ്ട് ഡിസൈൻ- അരുൺ വർമ്മ, പി.ആർ.ഒ.- പി.ആർ. സുമേരൻ, പബ്ലിസിറ്റി ഡിസൈൻസ്- ജിസൻ പോൾ.
















