ആലപ്പുഴ ചേർത്തലയിൽ സ്കൂട്ടറിന് പോകാൻ വശം നൽകാത്തതിനാൽ പോലീസുകാരൻ കെഎസ്ആർടിസി ബസ് ഡ്രൈവറെ ആക്രമിക്കുകയും പ്രധാന കണ്ണാടി തല്ലി തകർക്കുകയും ചെയ്തതായി പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസുകാരനെതിരെ ഡ്രൈവറും കണ്ടക്ടറും പോലീസിൽ പരാതി നൽകി.
ഇന്നലെ രാത്രി ഏഴരയോടെ ചേർത്തല സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം. പോലീസുകാരൻ സ്കൂട്ടറിൽ ഭാര്യക്കും കുഞ്ഞിനും ഒപ്പം യാത്ര ചെയ്യുകയായിരുന്നു. ഈ സമയത്താണ് തിരുവനന്തപുരത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ് ചേർത്തല ഭാഗത്ത് എത്തിയത്. ദേശീയപാതയിൽ മതിലകം മുതൽ സ്കൂട്ടർ ബസ്സിന് തടസ്സം ഉണ്ടാക്കി മുൻപിൽ ഓടിക്കുകയായിരുന്നു. ഇത് ബസ്സിന്റെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പിന്നീടാണ് സ്കൂട്ടറിന് പോകാൻ സ്ഥലം അനുവദിച്ചില്ല എന്ന് പറഞ്ഞ് ബസ്സിന് നേരെ പോലീസുകാരൻ ആക്രമണം നടത്തിയത്. എന്നാൽ കെഎസ്ആർടിസി അപകടകരമായി വാഹനം ഓടിച്ചതിന് ചോദ്യം ചെയ്തതാണെന്നാണ് പോലീസുകാരൻ പറയുന്നത്.
















