കൊച്ചി: മമ്മൂട്ടി- മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനംചെയ്ത ചിത്രമാണ് പേട്രിയറ്റ്. ഇപ്പോഴിതാ സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
സിനിമ അനധികൃതമായി റെക്കോർഡ് ചെയ്ത് ഓൺലൈൻ വെബ്‌സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രദർശിപ്പിച്ച സംഭവത്തിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്. മേയ് രണ്ടിനും അഞ്ചിനുമിടയിൽ വിവിധ സാമൂഹികമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചെന്നാണ് കേസ്. നിർമാണക്കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്ന് പരാതിയിൽ പറയുന്നു. കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
18 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുവെന്ന പ്രത്യേകത പേട്രിയറ്റിനുണ്ട്. ഡോ. ഡാനിയൽ ജെയിംസ്, കേണൽ റഹിം നായിക് എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടിയും മോഹൻലാലുമെത്തിയത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. 125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.
















