ശക്തമായ മഴയെത്തുടർന്ന് ഡൽഹിയിൽ നിർമ്മാണത്തിൽ ഇരുന്ന കെട്ടിടം തകർന്നുവീണ് ഒരു മരണം. രോഹിണി സെക്ടർ 16ലെ കെട്ടിടമാണ് തകർന്നു വീണത്. അഞ്ച് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ പുരോഗമിക്കുന്നു. ഇന്ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സിന് പുറമേ പൊലീസും എൻഡിആർഎഫും മറ്റ് അടിയന്തര സേനാ വിഭാഗങ്ങളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നാട്ടുകാരായിരുന്നു ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. “2016-ൽ ഈ പ്രദേശം ഡീനോട്ടിഫൈ ചെയ്യുകയും തദ്ദേശ സ്ഥാപനത്തിന് കൈമാറുകയും ചെയ്തിരുന്നു.
ഈ പ്രദേശത്തെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് അവരാണ്,” എന്ന് ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. ഡൽഹിയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടായി. ബുധനാഴ്ച തലസ്ഥാന നഗരിയിൽ ശക്തമായ മഴ പെയ്തതിനെത്തുടർന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുണ്ടായി. വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു.
Story Highlights : One died after Under-Construction Building Collapses In Delhi
















