കേരള രാഷ്ട്രീയത്തില്‍ ആവശ്യത്തിനും കൂടുതല്‍ അനാവശ്യത്തിനും ഇടപെടുന്ന ഒരു സാമുദായിക സംഘടനാ നേതാവാണ് വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ നാണംകെട്ട തോല്‍വിക്കു കാരണം പോലും ഇദ്ദേഹമാണെന്ന വാദം സി.പി.എമ്മിനുള്ളില്‍പ്പോലും ഉണ്ടായിട്ടുണ്ട്. മതസ്പര്‍ദ്ദ വളര്‍ത്തുന്ന തരത്തില്‍ മലപ്പുറത്തെയും മുസ്ലിം ന്യൂനപക്ഷങ്ങളെയും അടച്ചാക്ഷേപിക്കുന്ന വാദങ്ങള്‍ നിരത്തിയും വെള്ളാപ്പള്ളി പ്രതിക്കൂട്ടില്‍ ആയിട്ടുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കെ ഔദ്യോഗിക കാറില്‍ കയറ്റി കൊണ്ടു പോയതും വലിയ തോതില്‍ ഇടതുപക് രാഷ്ട്രീയത്തിന് ക്ഷീണമുണ്ടാക്കി. ഇതേ വെള്ളാപ്പള്ളി നടേശന്‍ ഒന്നാം പ്രതിയായ SNDP യോഗം മൈക്രോ ഫിനാന്‍സ് വായ്പാ ക്രമക്കേട് കേസില്‍ ഹാക്കോടതിയുടെ പരാമര്‍ശമാണ് ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം അര്‍ഹിക്കുന്നത്.
ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെയും കോടതി കണക്കിന് പ്രഹരിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ വിചാരണ അനുമതി (Prosecution Sanction) നല്‍കാതെ മാസങ്ങളോളം ഫയലുകള്‍ വെച്ചുതാമസിപ്പിച്ചതിലാണ് ഹൈക്കോടതിക്ക് കടുത്ത അതൃപ്തി ഉണ്ടാകാന്‍ കാരണം. തീരുമാനം എടുക്കാന്‍ രണ്ടാഴ്ചകൂടി സാവകാശം അനുവദിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷയെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ആവശ്യം
തള്ളി. ഇനി കൂടുതല്‍ സമയം നല്‍കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. മാത്രമല്ല, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് നാളെ കോടതിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍നും നിര്‍ദ്ദേശിച്ചു.
വിജിലന്‍സിന്റെ പ്രത്യേക അഭിഭാഷകന്‍ കേസ് കോടതിയില്‍ പരാമര്‍ശിച്ചപ്പോഴാണ് സര്‍ക്കാരിന്റെ ഒളിച്ചുകളി പുറത്തുവന്നതും ഹൈക്കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതും. വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള പ്രതികള്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തി വിജിലന്‍സ് സമഗ്രമായ കുറ്റപത്രം തയ്യാറാക്കി സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ ഫയലില്‍ ഒപ്പിട്ട് വിചാരണയ്ക്കുള്ള അനുമതി നല്‍കിയിട്ടില്ല. അനുമതിയില്ലാതെ കുറ്റപത്രം നേരിട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തത് വിജിലന്‍സിനെയും കുരുക്കിലാക്കിയിരുന്നു.
ഇനിയും പരിശോധനകള്‍ക്കായി രണ്ടാഴ്ച കൂടി സമയം വേണമെന്ന സര്‍ക്കാരിന്റെ വാദമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ഇത്രയും കാലം കയ്യിലുണ്ടായിട്ടും ഒരു തീരുമാനമെടുക്കാതെ വീണ്ടും സമയം നീട്ടി ചോദിക്കുന്നതിലെ യുക്തിയെന്താണെന്ന് കോടതി ചോദിച്ചു. വെള്ളാപ്പള്ളി നടേശനെതിരായ ക്രമക്കേടുകള്‍ കണ്ടെത്തിയ കേസുകളില്‍ അടിയന്തരമായി കുറ്റപത്രം കോടതിയിലെത്തണമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി. പിന്നാക്ക ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നാളെ രാവിലെ നേരിട്ട് കോടതിയില്‍ ഹാജരാകണം. അഴിമതി നിരോധന നിയമപ്രകാരം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിചാരണ അനുമതി നല്‍കാതിരുന്നത് എന്ത് സാഹചര്യത്തിലാണ്, ആരുടെ സമ്മര്‍ദ്ദം മൂലമാണ് ഫയല്‍ നീട്ടിക്കൊണ്ടുപോയത് എന്നതടക്കമുള്ള കാര്യങ്ങളില്‍ ഉദ്യോഗസ്ഥന്‍ നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടിവരും.
നാളെ കൃത്യമായ വിശദീകരണവും അനുമതി ഉത്തരവും സമര്‍പ്പിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ അടക്കമുള്ള കൂടുതല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന സൂചനയാണ് സിംഗിള്‍ ബെഞ്ച് നല്‍കിയിരിക്കുന്നത്.
- മൈക്രോഫിനാന്‍സ് ക്രമക്കേട് കേസ് എന്താണ് ?
പാവപ്പെട്ട പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ (KSBCDC) നിന്നും ദേശീയ കോര്‍പ്പറേഷനുകളില്‍ നിന്നും തുച്ഛമായ പലിശയ്ക്ക് അനുവദിച്ച വായ്പകള്‍ വകമാറ്റി ചെലവഴിച്ചതാണ് കേസിന്റെ അടിസ്ഥാനം. പലിശത്തട്ടിപ്പും തുക വകമാറ്റലും: 2 മുതല്‍ 4 ശതമാനം വരെ കുറഞ്ഞ പലിശയ്ക്ക് പിന്നാക്ക കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പകള്‍, താഴെത്തട്ടിലുള്ള സ്വാശ്രയ സംഘങ്ങളിലെ പാവപ്പെട്ട സ്ത്രീകള്‍ക്ക് 10 മുതല്‍ 12 ശതമാനം വരെ ഉയര്‍ന്ന പലിശയ്ക്ക് നല്‍കി വലിയ ലാഭമുണ്ടാക്കിയെന്നതാണ് പ്രധാന ആരോപണം.
യൂണിയനുകളിലെ ക്രമക്കേട്: പല ശാഖകളിലും വ്യാജ പേപ്പര്‍ സംഘങ്ങളെ കാണിച്ച് വായ്പത്തുക സ്വന്തം അക്കൗണ്ടുകളിലേക്ക് തട്ടിയെടുത്തെന്നും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാഷ്ട്രീയ സംരക്ഷണം എന്ന ആരോപണം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച് നിയമപോരാട്ടം നടത്തിയ ഈ കേസില്‍, വെള്ളാപ്പള്ളി നടേശനെ സര്‍ക്കാര്‍ തലത്തില്‍ ബോധപൂര്‍വ്വം സംരക്ഷിക്കുകയാണെന്ന ആക്ഷേപമാണ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ അന്ത്യശാസനത്തിലൂടെ തിരിച്ചറിയാന്‍ കഴിയുന്നത്.

















