സ്തനാർബുദ ബോധവൽക്കരണത്തിനും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനുമായി SK ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പിങ്ക് റൈഡ് 2026’ ശ്രദ്ധേയമായി. രോഗം നേരത്തേ കണ്ടെത്തുന്നതിന്റെയും സമയബന്ധിതമായ ചികിത്സ ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി റൈഡർമാരും പൊതുജനങ്ങളും ആരോഗ്യരംഗത്തെ പ്രമുഖരും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.
ഒക്ടോബർ 29-ന് രാവിലെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രധാന കവാടത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ SK ആശുപത്രി ചെയർമാൻ കെ. എൻ. ശിവൻകുട്ടി സ്വാഗതപ്രസംഗം നടത്തി.

തുടർന്ന് കേരള ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രികെ. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്ത് പിങ്ക് റൈഡിന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (RCC) ഡയറക്ടർ ഡോ. രാജിനീഷ് കുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. SK ആശുപത്രി CEO ഡോ. സന്ധ്യ കെ. എസ്., മാനേജ്മെന്റ് അംഗം കേണൽ സി. എസ്. പിള്ള (റിട്ട.) എന്നിവരുടെ സാന്നിധ്യം ചടങ്ങിന് പ്രാധാന്യമേകി. റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം ഈസ്റ്റ് പ്രസിഡന്റ് ശ്യാം, ഇന്നർ വീൽ ക്ലബ്ബ് ഓഫ് ട്രിവാൻഡ്രം ബ്ലോസം പ്രസിഡന്റ് ജൂഹി എന്നിവരും സംഘടനകളിലെ അംഗങ്ങളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത് ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ചു.
കനകക്കുന്നിൽ നിന്ന് ആരംഭിച്ച റൈഡ് കവടിയാർ, പട്ടം, ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് SK ആശുപത്രിയിൽ സമാപിച്ചു. സ്തനാർബുദ ബോധവൽക്കരണ സന്ദേശവുമായി റൈഡർമാരും പൊതുസമൂഹവും കൈകോർത്തത് പരിപാടിയുടെ പ്രധാന സവിശേഷതയായി. പരിപാടിയുടെ ഭാഗമായി ഡയറ്റീഷ്യൻമാരായ മിസ് ഉണ്ണിമായ, മിസ് രേഷ്മ എന്നിവരുടെ നേതൃത്വത്തിൽ സുംബാ സെഷൻ സംഘടിപ്പിച്ചു. SK ആശുപത്രി ടീമിന്റെ ഫ്ലാഷ് മോബും ശ്രദ്ധേയമായി. തുടർന്ന് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. കൃഷ്ണനുണ്ണിയും ക്ലിനിക്കൽ ഓങ്കോളജിസ്റ്റ് ഡോ. അരുൺ എ. ജെയും സ്തനാർബുദ ബോധവൽക്കരണ സന്ദേശങ്ങൾ പങ്കുവെച്ചു.
SK ആശുപത്രിയിൽ നടന്ന ബലൂൺ റിലീസ് ചടങ്ങും സർട്ടിഫിക്കറ്റ്, പ്രത്യേക സമ്മാന വൗച്ചർ വിതരണവും പരിപാടിക്ക് മാറ്റുകൂട്ടി. പങ്കെടുത്തവർക്കായി പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പിങ്ക് റൈഡ് 2026 ശ്രദ്ധേയമായ ചുവടുവയ്പ്പായി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും SK ആശുപത്രി അധികൃതർ നന്ദി അറിയിച്ചു.















