ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിനെതിരെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഈ നടപടിയിലൂടെ ഭരണകക്ഷി ജനാധിപത്യത്തിന്റെ അന്തസിനെ പിച്ചിചീന്തിയെന്ന് പ്രിയങ്ക ആരോപിച്ചു. എഫ്ഐആറിട്ട് ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന ബിജെപിയുടെ ഈ ശീലം വളരെ വിഷമയമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ബിജെപി സര്‍ക്കാര്‍ കേസെടുത്ത് പൊതു പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്ന പ്രവണത അപകടകരമാണ്. ജനാധിപത്യത്തെ ബഹുമാനിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഭയത്തിന്റെ അന്തരീക്ഷം ജനാധിപത്യത്തില്‍ വിഷംപോലെയാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്തതിലൂടെ ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ അന്തസിനെ കീറി മുറിച്ചു- പ്രിയങ്ക പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരേയും ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും നോയിഡ പോലീസ് കേസെടുത്തിരുന്നു.