സ്റ്റോക്ഹോം: വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് വോട്ട് നല്‍കണമെന്ന് അമേരിക്കക്കാരോട് സ്വീഡിഷ് കാലാവസ്ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. പരിസ്ഥിതി സംരക്ഷണത്തിന് ബൈഡനാണ് ജയിക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
‘ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പ് എല്ലാത്തിനും മുകളിലാണ്. അതിനാല്‍ ബൈഡന് വേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്, വോട്ട് ചെയ്യേണ്ടത്’, ഗ്രേറ്റ പറഞ്ഞു.
നേരത്തെ കാലാവസ്ഥാ സംരക്ഷണവുമായി ബന്ധപ്പെട്ട ഗ്രേറ്റയുടെ മുന്നറിയിപ്പുകള്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പുച്ഛിച്ച് തള്ളിയിരുന്നു. ഗ്രേറ്റയേയും ട്രംപ് പരിഹസിച്ചിരുന്നു. ഗ്രേറ്റ തന്റെ ദേഷ്യം നിയന്ത്രിക്കണമെന്നും സുഹൃത്തിനൊപ്പം സിനിമ കാണാന്‍ പോകണമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനായി ലോകത്തോട് ആഹ്വാനം ചെയ്യുന്ന ഗ്രേറ്റയെ പിന്തുണയ്ക്കുന്നെന്നായിരുന്നു ബൈഡന് പറഞ്ഞിരുന്നത്. നേരത്തെ അമേരിക്കയിലെ പ്രശസ്ത ശാസ്ത്ര മാഗസിനായ സയന്റിഫിക് അമേരിക്കനും ബൈഡന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.