മോസ്കോ: ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ, റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യൻ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്പുട്നിക് വി എന്ന് നാമകരണം ചെയ്ത വാക്സിൻ തന്റെ മകൾക്ക് നൽകിയതായും പൂടിൻ അറിയിച്ചു. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചുകൊണ്ടാണ് വാക്സിന് ‘സ്പുട്നിക് വി’ എന്ന പേരിട്ടത്.
‘ആവശ്യമായ എല്ലാ പരിശോധനകള്‍ക്കും വാക്സിന് വിധേയമായിട്ടുണ്ട്. തന്റെ രണ്ട് പെണ്മക്കളില് ഒരാള്‍ക്ക് വാക്സിന് ലഭിച്ചു. അവള് സുഖമായിരിക്കുന്നു.’ റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. വാക്സിന്റെ രജിസ്ട്രേഷന് വ്യവസ്ഥകളോടെയാണ്. ഉത്പാദനം നടക്കുമ്പോള്‍ തന്നെ പരീക്ഷണങ്ങള്‍ തുടരുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി മിഖായേല്‍ മുറാഷ്കോ അറിയിച്ചു.
കോവിഡ് പ്രതിരോധത്തിൽ നിർണ്ണായകമായ കാൽവയ്പ്പാണ് ഇതെന്ന് പൂടിൻ അഭിപ്രായപ്പെട്ടു. ആവശ്യമായ സുരക്ഷ പരിശോധനകളും നിരീക്ഷണകളും പൂർത്തിയായ ശേഷമാണ് വാക്സിൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് പൂടിൻ പറയുന്നത്. അടുത്ത മാസം ആരോഗ്യപ്രവർത്തകരിൽ വാക്സിൻ പരീക്ഷിക്കും. ജനുവരിയോടെ പൊതുജനങ്ങൾക്ക് ലഭ്യമാകും.
ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലക്കും കോവിഡനെതിരെയുള്ള ഒരു വാക്സിന് അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിലും റഷ്യ നേടിയ വിജയത്തെ ഇത് പരാമര്‍ശിക്കുന്നുവെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് പറഞ്ഞു. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്സിന് 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകള്‍ ഇതിനോടകം ഓര്‍ഡര്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 18നാണ് റഷ്യ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചത്. 38 വോളന്റയർമാരിലായിരുന്നു പരീക്ഷണം. പല അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളും നേരത്തെ റഷ്യയുടെ വാക്സിൻ പരീക്ഷണത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വേണ്ടത്ര പരീക്ഷണങ്ങളും ഗവേഷണവും ട്രയലുകളും നടത്താതെയാണ് റഷ്യ വാക്സിൻ പുറത്തിറക്കുന്നതെന്ന സംശയമാണ് ഉയർത്തപ്പെടുന്നത്.
കുത്തിവെയ്പ്പെടുത്ത് ദീർഘകാലത്തിന് ശേഷമേ പാർശ്വഫലങ്ങൾ വെളിപ്പെടുകയുള്ളൂ എന്നിരിക്കെ, അപകടസാധ്യത കൂട്ടുന്നതാണ് റഷ്യൻ നീക്കമെന്നാണ് വിമർശനം. പരീക്ഷണം മാനദണ്ഡം പാലിച്ച് മാത്രം പൂർത്തിയാക്കമെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.