ചിദംബരം സംവിധാനം നിർവഹിക്കുന്ന മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിൻറെ ട്രെയ്‌ലർ ഇപ്പോൾ സമൂഹമാധ്യമങ്ങള് വൈറലാണ്. ഏറ്റവും ഒടുവിൽ ഒരു ഗുഹയ്ക്കകത്തിരുന്നു കൊണ്ട് ശ്രീനാഥ് ഭാസി ‘കുട്ടേട്ടാ’ എന്ന് വിളിച്ചു അലറി കരയുന്നത് കാഴ്ചക്കാരെ കുറച്ചൊക്കെ ഭയപ്പെടുത്തിയിട്ടുണ്ട്. സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് തമിഴ് നാട്ടിലെ ഗുണാക്കേവിൽ ആണ്.
പാമ്പു പിണയുന്നതു പോലെ മരങ്ങളുടെ വേരുകൾ അവിടെയുണ്ട്. കാണുമ്പോൾ തന്നെ കൗതുകം തോന്നിക്കുന്ന ഘടകങ്ങൾ ഗുണാക്കേവിൽ അടങ്ങിയിരിക്കുന്നു. എന്നാല്‍ ആ സ്ഥലത്തിന്റെ യഥാര്‍ഥ പേര് ‘ഡെവിള്‍സ് കിച്ചണ്‍’ അഥവാ ചെകുത്താന്റെ അടുക്കള എന്നാണ്.
ആഴമേറിയ ഗുഹകൾ, മുന്നോട്ട് പോകുംന്തോറും പല തട്ടുകളായി വീണ്ടും ആഴങ്ങളിലേക്ക് നീളുന്ന കൈവഴികള്‍. ആ ഇരുട്ടിലൂടെ നടക്കുമ്പോള്‍ വവ്വാലുകള്‍ ശബ്ദമുണ്ടാകി വഴിമുടക്കാനെത്തും, ഓക്സിജന്റെ തോത് കുറയും, ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടും, ഒന്ന് കാലുതെന്നിയാല്‍ നേരെ നിലയില്ലാ ഇരുട്ടിന്റെ ആഴങ്ങളിലേക്ക് വഴുതി വീഴും, അവിടെ അകപ്പെട്ടുപോയാല്‍ പിന്നെ ഒരുതിരിച്ചുവരവില്ല. ഈ ആഴങ്ങളില്‍ അകപ്പെട്ട് ജീവനോടെ തിരിച്ചുവന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം, ബാക്കിയെല്ലാം ഈ ഇരുണ്ട ഗുഹങ്ങളിൽ ഒടുങ്ങി.
1821 ൽ കൊടയ്ക്കൈനാല്‍ സന്ദര്‍ശിക്കാനെത്തിയ ഇംഗ്ലീഷ് ഓഫീസര്‍ ആയിരുന്ന ബി.എസ്. വാര്‍ഡാണ് ആദ്യമായി ഈ അതിപുരാതന ഗുഹ കണ്ടെത്തുന്നത്. അന്ന് സായിപ്പ് ഈ പ്രദേശത്ത് കൂടി നടക്കുമ്പോള്‍ കാടുമൂടി കിടന്ന സ്ഥലത്ത് നിന്നും പലരീതിയിലുള്ള ശബ്ദം കേട്ടു, അതിന്റെ ഉറവിടം അന്വേഷിച്ച അദ്ദേഹവും സംഘവും കാട് വെട്ടിതെളിച്ചപ്പോഴാണ് ഈ ഗുഹ ദൃശ്യമായത്.
സായിപ്പും സംഘവും ഗുഹയുടെ ഉള്ളിലേക്കിറങ്ങി. ഇരുട്ടുമൂടിയ ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് മുന്നോട്ട് പോകാനാകുന്ന ഇടുങ്ങിയ ഗുഹ മുന്നിലേക്ക് അവരെ നയിച്ചു. മുന്നോട്ട് പോയപ്പോള്‍ പല തട്ടുകളായി കിടക്കുന്ന കൂടുതല്‍ ആഴമേറിയ ഭാഗങ്ങള്‍ ദൃശ്യമായി.
ഇരുട്ടില്‍ വീണ്ടും നടക്കുന്തോറും ഓക്സിജന്റെ അളവ് കുറഞ്ഞുവരുന്നതായി സായിപ്പ് തിരിച്ചറിഞ്ഞു. അന്ന് 600 അടി താഴ്ചവരെ സായിപ്പും സംഘവും സഞ്ചരിച്ചു. ശ്വാസതടസ്സം കാരണം അതിനപ്പുറം അവര്‍ക്ക് പോവാനായില്ല. പുരാണവുമായി ബന്ധപ്പെട്ടും ഗുഹയുടെ പേര് പരാമര്‍ശിക്കുന്നുണ്ട്. അജ്ഞാത വാസകാലത്ത് പാണ്ഡവര്‍ ഇവിടെയെത്തിയിരുന്നെന്നും വിശ്വസിക്കുന്നവരുണ്ട്.
ഇവിടെയെത്തുന്ന സഞ്ചാരികള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഗുഹയ്ക്കുള്ളിലേക്ക് കടക്കുന്നതും അപകടങ്ങളില്‍ പെടുന്നതും പതിവായതോടെയാണ് തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനംവകുപ്പ് ‘ഗുണ കേവ്സ്’ ദീര്‍ഘകാലത്തേക്ക് അടച്ചിട്ടത്.
പത്ത് വര്‍ഷത്തോളം ഗുഹ സഞ്ചാരികള്‍ക്ക് മുന്നില്‍ അടഞ്ഞുകിടന്നു. എന്നാല്‍ പ്രദേശത്തേക്ക് സന്ദര്‍ശനാനുമതി നല്‍കണമെന്നും ഗുണ കേവ്സ് തുറക്കണമെന്നും നിരന്തരമായി സഞ്ചാരികള്‍ ആവശ്യപ്പെട്ടതോടെ വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി നിരവധി കടുത്ത നിയന്ത്രണങ്ങളോട് ഗുണ കേവ്സില്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനം അനുവദിച്ചിട്ടുണ്ട്. ഗുഹയ്ക്കുള്ളിലെ ആഴമേറിയ ഭാഗങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ കമ്പിവേലിക്കെട്ടി സുരക്ഷിതമാക്കി.
അതിനാല്‍ ഇപ്പോള്‍ ആര്‍ക്കും ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സാധ്യമല്ല. പകരം പ്രവേശന കവാടത്തില്‍ നിന്നുകൊണ്ട് ഗുണാ കേവ്സിന്റെ സൗന്ദര്യം ആസ്വദിക്കാം. ഗുഹയ്ക്ക് സമീപം വാച്ച് ടവര്‍, വ്യൂ പോയിന്റ് എന്നീ സൗകര്യങ്ങളുമുണ്ട്. ഓരോ സഞ്ചാരിയെയും അത്ഭുതപ്പെടുത്ത കാഴ്ചാനുഭവങ്ങൾ ഗുണാക്കേവിൽ നിറഞ്ഞിട്ടുണ്ട്
ഏലവും കാപ്പിയും മണക്കുന്ന നാട്ടിലേക്ക്
ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോ?
Pondichery പോണ്ടിച്ചേരിയെ അടുത്തറിയാം: പോണ്ടിച്ചേരിയിൽ കാണേണ്ടതെന്തെല്ലാം?