ഒരു സ്‌പൂണ്‍ അച്ചാർ ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം. രുചിയും മണവും ഒത്തുചേരുന്ന ഈ വിഭവത്തിന് ആരാധകർ ഏറെയാണ്. അല്‌പം എരിവും പുളിയും ഇഷ്‌ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ ഈ അച്ചാർ എന്തായാലും ഇഷ്ടപെടും.
ചേരുവകൾ:
പച്ചമുളക് (അധികം എരിവ് ഇല്ലാത്തത് ) – 250 ഗ്രാം
പെരും ജീരകം – 2 1/2 ടേബിൾ സ്‌പൂൺ
എള്ള്- 1 ടീസ്‌പൂണ്‍
കടുക്- 2 1/4 ടീസ്‌പൂണ്‍
മുളക്‌പൊടി-1 ടീസ്‌പൂണ്‍
മഞ്ഞൾപൊടി-1/2 ടീസ്‌പൂണ്‍
കായപ്പൊടി-1 ടീസ്‌പൂണ്‍
നല്ലെണ്ണ- 2 1/2 ടേബിൾ സ്‌പൂണ്‍
വിനാഗിരി-4 ടേബിൾ സ്‌പൂണ്‍
വെളുത്തുള്ളി 3 ടേബിൾ സ്‌പൂണ്‍
ഇഞ്ചി- 1
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പച്ചമുളക് ഞെട്ട് കളഞ്ഞ് കഴുകി വൃത്തിയാക്കി ഒരു തുള്ളി പോലും വെള്ളം ഇല്ലാതെ തുടച്ച് എടുക്കുക. പിന്നീട് ഇത് ചെറുതായി അരിഞ്ഞെടുക്കാം. ഒരു പാൻ ചൂടാക്കി അതിലേയ്‌ക്ക് പെരും ജീരകം, എള്ള് എന്നിവ ഇട്ട് നന്നായി വറുക്കുക. തീ കുറച്ച് അല്‌പം കടുകും കൂടി ചേർത്ത് നന്നായി വറുത്തെടുക്കാം. പിന്നീട് ഇവയെല്ലാം പൊടിച്ചെടുക്കുക. നന്നായി പൊടിയാതെ ശ്രദ്ധിക്കണം. അതിലേയ്‌ക്ക് അല്‌പം കായപ്പൊടി കൂടി ചേർക്കാം. ഒരു പാൻ ചൂടാക്കി അതിലേയ്‌ക്ക് നല്ലെണ്ണ ഒഴിച്ച് നേരത്തെ അരിഞ്ഞ് വച്ച മുളക് വഴറ്റിയെടുക്കണം. വഴറ്റിയെടുത്ത മുളക് ഒരു പാത്രത്തിലേയ്‌ക്ക് മാറ്റി വയ്‌ക്കുക. ശേഷം അതേ പാനിൽ കാൽ കപ്പ് വെളിച്ചണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ് വച്ച വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർക്കുക. ഇതിലേയ്‌ക്ക് തന്നെ മുളക്‌പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഇളക്കാം. ഇനി നേരത്തെ വഴറ്റിവച്ച പച്ചമുളക് ചേർക്കാം.
നേരത്തെ പൊടിച്ച് വച്ച പൊടിയും പാകത്തിന് ഉപ്പും ചേർത്ത് ചെറു ചൂടിൽ നന്നായി ഇളക്കുക. കളർ മാറി വരുന്നുണ്ടെന്ന് തോന്നിയാൽ അടുപ്പിൽ നിന്ന് മാറ്റി വയ്‌ക്കാം. കുറച്ച് സമയം കഴിഞ്ഞ് അതിലേക്ക് വിനാഗിരി ചേർത്ത് ഒരു വൃത്തിയുള്ള ജാറിൽ അടച്ച് സൂക്ഷിക്കുക. സ്വാദിഷ്‌ടമായ പച്ചമുളക് അച്ചാർ റെഡി.
















