ഒരു വെജ് ലോലിപോപ്പ് തയ്യാറാക്കിയാലോ. അടുക്കളയില്‍ സാധാരണ കാണുന്ന കുറച്ച് ചേരുവകള്‍ വച്ച് പൊട്ടറ്റോ ലോലിപോപ്പ് തയ്യാറാക്കാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഇഷ്‌ടമാവും.
ചേരുവകള്‍
വേവിച്ച ഉരുളക്കിഴങ്ങ് – 2 (ഇടത്തരം വലിപ്പം)
കോണ്‍ഫ്ലോർ – 2 ടീസ്‌പൂൺ
മുളക് പൊടി – ½ ടീസ്‌പൂൺ
മല്ലി പൊടി – ½ ടീസ്‌പൂൺ
ഗരം മസാല – ¼ ടീസ്‌പൂൺ
കുരുമുളക് – ¼ ടീസ്‌പൂൺ
ചാറ്റ് മസാല – ¼ ടീസ്‌പൂൺ
മഞ്ഞൾ പൊടി (ആവശ്യത്തിന്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ½ ടീസ്‌പൂൺ
ഉള്ളി – 1
മല്ലിയില (ആവശ്യത്തിന്)
പച്ചമുളക് – 1
ബ്രെഡ് പൊടിച്ചത്
മൈദ – 2 ടീസ്‌പൂൺ
ഉപ്പ് (ആവശ്യത്തിന്)
എണ്ണ (ആവശ്യത്തിന്)
തയ്യാറാക്കുന്ന വിധം:
ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കിയതിന് ശേഷം നന്നായി വേവിക്കുക. പ്രഷറില്‍ കുക്കറിലിട്ട് മൂന്ന് വിസില്‍ അടിപ്പിച്ചാലും മതിയാകും. വേവിച്ച ഉരുളക്കിഴങ്ങിൻ്റെ തൊലി കളഞ്ഞതിന് ശേഷം ചൂടോടെ തന്നെ നന്നായി ഉടച്ചെടുക്കുക. എന്നിട്ട് ഇതിലേക്ക് കോണ്‍ഫ്ലോർ, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല, ചാറ്റ് മസാല, മഞ്ഞൾപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഏകദേശം 10 മിനിറ്റോളം ഇത് അടച്ച് വയ്‌ക്കുക. ശേഷം ഇത് ചെറിയ ഉരുളകള്‍ പോലെ ഉരുട്ടി എടുക്കുക. ആകൃതി ഇഷ്‌ടാനുസരണം ചെയ്യാവുന്നതാണ്.
ഒരു പാത്രമെടുത്ത് അതിലേക്ക് മൈദ, ഉപ്പ് എന്നിവ ഇട്ടതിന് ശേഷം വെള്ളം ഒഴിച്ച് നന്നായിട്ട് ഇളക്കുക. മാവ് കട്ട പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എന്നിട്ട് തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകള്‍ ഇതിലേക്ക് ഇടുക. ശേഷം ബ്രഡിൻ്റെ പൊടിയിലിട്ട് ഉരുട്ടിയെടുക്കാം. ഒരു പാന്‍ അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായതിന് ശേഷം തീ മീഡിയം ഫ്ലേമില്‍ വയ്‌ക്കുക. ഇതിലേക്ക് ബ്രെഡിലിട്ട് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഉരുളകള്‍ ഇടുക. ഒരു ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ ഇത് എണ്ണയിലിടുക. ശേഷം ഇതൊരു ടിഷ്യൂ പേപ്പറിലേക്ക് കോരിമാറ്റുക. തുടര്‍ന്ന് ഇതിലേക്ക് ഒരു ടൂത്ത് പിക്ക് കുത്തി വയ്ക്കുക. ഉരുളക്കിഴങ്ങ് ലോലിപോപ്പ് തയ്യാറായി. സോസിൻ്റെ കൂടെ ഇത് കഴിക്കാവുന്നതാണ്.
















