അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലെ വിവിധയിടങ്ങളിൽ വെച്ച് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ വിദ്യാർത്ഥി കുറ്റസമ്മതം നടത്തി. യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ (UCD) മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥിയായ റിഷബ് മഹാജൻ (30) ആണ് കോടതിയിൽ കുറ്റം സമ്മതിച്ചത്. പൊതുസ്ഥലങ്ങളിൽ വെച്ച് നഗ്നതാ പ്രദർശനം നടത്തിയതായും സ്വയംഭോഗത്തിൽ ഏർപ്പെട്ടതായും ഇയാൾ സമ്മതിച്ചു.
യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ ബിസിനസ് സ്കൂളിൽ ഉപരിപഠനത്തിനായാണ് റിഷബ് മഹാജൻ അയർലൻഡിലെത്തിയത്. എന്നാൽ രാജ്യത്തെത്തി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ ഇയാൾ ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങിയതായാണ് പോലീസ് കണ്ടെത്തൽ. ഡബ്ലിനിലെ ലോവർ ഗാർഡിനർ സ്ട്രീറ്റിലാണ് ഇയാൾ താമസിച്ചിരുന്നത്.
ഡബ്ലിനിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പൊതുനിരത്തുകളിൽ വെച്ച് ഇയാൾ സ്ത്രീകളെ പിന്തുടരുന്നതായും അശ്ലീല പ്രദർശനം നടത്തുന്നതായും ഗാർഡ (ഐറിഷ് പോലീസ്) കണ്ടെത്തിയിരുന്നു. വിദേശത്ത് ഉപരിപഠനത്തിനെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആകെ നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്ന് പ്രവാസി സമൂഹത്തിനിടയിൽ സംസാരമുണ്ട്.
















