ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഖലിസ്താനെയും പാകിസ്താനെയും പിന്തുണക്കുന്നവയെന്ന് മുദ്രകുത്തി 1,178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ വീണ്ടും നോട്ടീസ് നല്കി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇന്ത്യയില്‍ േബ്ലാക്ക് ചെയ്യണമെന്ന ആവശ്യവുമായി പുതിയ പട്ടിക നല്‍കിയത്. എന്നാല്‍, ഈ നിര്‍ദേശം ഇതുവരെയും ട്വിറ്റര്‍ പാലിച്ചിട്ടില്ലെന്ന് മന്ത്രാലയം വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.
നേരത്തെ 257 ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെയാണ് പുതിയ ആവശ്യം. ഐ.ടി നിയമം 69 എ വകുപ്പു പ്രകാരമാണ് മന്ത്രാലയം നോട്ടീസ് അയച്ചത്.
ഖലിസ്താന്‍, പാകിസ്താന് അനുകൂലികളെന്ന് സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവ കര്‍ഷക സമരത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രകോപനപരമാണ് പല ട്വീറ്റുകളെന്നും ഫെബ്രുവരി നാലിന് നല്കിയ കത്തില്‍ പറയുന്നു. ആഗോള സെലിബ്രിറ്റികള്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റുകളില്‍ ചിലത് ട്വിറ്റര്‍ ആഗോള സി.ഇ.ഒ ജാക് ഡോര്‍സി ലൈക് ചെയ്തതും ശ്രദ്ധയില്‍ പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേ സമയം ഒരു പ്രദേശത്ത് നിയമവിരുദ്ധവും എന്നാല്‍ ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിക്കാത്തതുമാണെങ്കില്‍ ആ പ്രസ്തുത പ്രദേശത്ത് അത് മരവിപ്പിക്കാന്‍ ട്വിറ്റര്‍ ശ്രമിക്കും. ഇങ്ങനെയുള്ള കാര്യത്തില്‍ യൂസറെ ഇത് ബോധിപ്പിക്കും. പ്രദേശിക നിയമങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം, ട്വിറ്ററിന്റെ അടിസ്ഥാന തത്വമായ അഭിപ്രായ സ്വതന്ത്ര്യത്തെയും ഉള്‍പ്പെടുത്തിയാണ് ഈ നീക്കം – ട്വിറ്റര്‍ വക്താവ് പ്രതികരിച്ചു.