ലക്നൗ: ഹാത്രാസ് സംഭവത്തില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ചില സംഘടനകള്‍ക്ക് പണം ലഭിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് ആസാദ് പറഞ്ഞു.
‘ഏത് അന്വേഷണത്തിനും ഉത്തരവിടാന്‍ യോഗി ആദിത്യനാഥ്ജിയെ ഞാന്‍ വെല്ലുവിളിക്കുകയാണ്. 100 കോടി രൂപയുടെ കാര്യം മറന്നേക്കൂ. എന്റെ പക്കല്‍ നിന്ന് ഒരുലക്ഷം രൂപയെങ്കിലും കണ്ടെടുത്താല്‍ ഞാന്‍ രാഷ്ട്രീയം വിടാം. മറിച്ചാണെങ്കില്‍ നിങ്ങള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. എന്റെ ജീവിതം എന്റെ അന്തസിനായി സമര്‍പ്പിച്ചിരിക്കുകയാണ്. എന്റെ സമുദായമാണ് എന്റെ ചിലവുകള്‍ വഹിക്കുന്നത്’, ആസാദ് ട്വീറ്റ് ചെയ്തു.
നീതി തേടുന്നത് ഉത്തര്‍പ്രദേശില്‍ രാജ്യാന്തര ഗൂഢാലോചനയാണെന്നും അദ്ദേഹം പരിഹസിച്ചു. ഹാത്രാസ് സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. പൗരത്വ ഭേദഗതി പ്രതിഷേധത്തിന്റെ സമയത്ത് പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നായിരുന്നു ആരോപണം. ഇതാണ് ഇഡി തള്ളിക്കളഞ്ഞത്.
ഹാത്രാസില്‍ പ്രതിഷേധം നടത്താന്‍ 100 കോടി രൂപ ഭീം ആര്‍മിക്ക് ലഭിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും ഇഡി പറഞ്ഞിരുന്നു. ഹാത്രാസില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഭീം ആര്‍മിയും മറ്റ് സംഘടനകളും ശ്രമിക്കുന്നുണ്ടെന്ന് യുപി മുന്‍ ഡിജിപി ബ്രിജ് ലാല്‍ ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇഡി സംഭവത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയത്.