ന്യൂ ഡല്‍ഹി: ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
പൗരത്വ ഭേദഗതി പ്രതിഷേധത്തിന്റെ സമയത്ത് പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നായിരുന്നു ആരോപണം. ഇതാണ് ഇഡി തള്ളിക്കളഞ്ഞത്. അതേസമയം, ഹാത്രാസില്‍ പ്രതിഷേധം നടത്താന്‍ 100 കോടി രൂപ ഭീം ആര്‍മിക്ക് ലഭിച്ചെന്ന വാര്‍ത്തയും തെറ്റാണെന്ന് ഇഡി പറഞ്ഞു.
ഹാത്രാസില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഭീം ആര്‍മിയും മറ്റ് സംഘടനകളും ശ്രമിക്കുന്നുണ്ടെന്ന് യുപി മുന്‍ ഡിജിപി ബ്രിജ് ലാല്‍ ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇഡി സംഭവത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുണ്ടെന്ന് ആരോപിച്ച് ഹാത്രാസിലേക്ക് പോകുകയായിരുന്ന നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹാത്രാസില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്.
നേരത്തെ, ഹാത്രാസിലെത്തി പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ടതിന് ചന്ദ്രശേഖര്‍ ആസാദിനും 400 പേര്‍ക്കുമെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു.
















