വാഷിംഗ്ടൺ : ഏഷ്യന്‍ വംശജയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂ ഹാംഷെയറില്‍ നടന്ന റിപ്പബ്ലിക്കന്‍ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
യു.എസില്‍ ഒരു വനിതാ വൈസ് പ്രസിഡന്റ് വരുന്നതിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞ ട്രംപ്, തന്റെ മകളും വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് അത്തരമൊരു സ്ഥാനത്തേക്കുള്ള മികച്ച സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭിപ്രായപ്പെട്ടു.’ഞങ്ങള്‍ക്ക് ഇവാന്‍കയെ വേണം എന്ന് എല്ലാവരും പറയുന്നു. ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല’- അദ്ദേഹം തന്റെ അനുയായികളോട് പ്രതികരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാമനിര്‍ദ്ദേശം ഔദ്യോഗികമായി അംഗീകരിച്ച ശേഷമുള്ള ട്രംപിന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയാണിത്.
അതേസമയം പ്രസിഡന്റ് പദവി എന്താണെന്നുപോലും അറിയാത്തയാളാണ് ട്രംപ് എന്ന് കമല ഹാരിസ് നേരത്തേ വിമര്‍ശിച്ചിരുന്നു.ഡെമോക്രാറ്റിക് പാട്ടിയുടെ പ്രസിഡന്റ് സ്ഥാനാത്ഥി ജോ ബൈഡനെയും ട്രംപ് കടന്നാക്രമിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന് വിജയിച്ചാല്‍ അമേരിക്കയുടെ മഹത്ത്വമാണ് നശിക്കുകയെന്ന് ട്രംപ് പറഞ്ഞിരുന്നു.
‘ദുര്‍ബലനായ സ്ഥാനാര്‍ഥിയാണ് ജോ ബൈഡന്. അമേരിക്കയുടെ സ്വപ്നങ്ങള്‍ അയാള്‍ നശിപ്പിക്കും. ഒരര്‍ഥത്തിലും രാജ്യത്തിന്റെ രക്ഷകനാവാന്‍ ബൈഡന് കഴിയില്ല. ഡെമോക്രാറ്റുകള്‍ രാജ്യത്തെ നഗരങ്ങളില്‍ അരാജകവാദികളെ തുറന്നുവിടും’ ട്രംപ് പറഞ്ഞു.